എംഎൽഎമാരെയും കൂട്ടി നാടുവിടൽ, ദില്ലിയിലിരുന്ന് വില പേശൽ, ബിജെപിയിലേക്കെന്ന് ഊഹാപോഹം, ഒടുവിൽ നാടകാന്തം ശുഭം. മടങ്ങിയെത്തുന്ന സച്ചിൻ പൈലറ്റ് ക്യാമ്പിന് മന്ത്രിസഭാപുനഃസംഘടനയിൽ എത്ര ബർത്ത് കിട്ടുമെന്നതനുസരിച്ചിരിക്കും സർക്കാരിന്‍റെ ഭാവി. 

ദില്ലി/ ജയ്‍പൂർ: രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധി പറഞ്ഞുതീർത്തതിന് പിന്നാലെ, മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്‍റെ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ന് ജയ്‍പൂരിൽ കോൺഗ്രസിന്‍റെയും ബിജെപിയുടെയും നിയമസഭാകക്ഷിയോഗങ്ങൾ നടക്കുന്നുണ്ട്. നാളെയാണ് രാജസ്ഥാൻ നിയമസഭാസമ്മേളനം.

ചൊവ്വാഴ്ച സച്ചിൻ പൈലറ്റ് ജയ്‍പൂരിൽ തിരികെ എത്തിയിരുന്നു. ഒരു മാസം നീണ്ട യുദ്ധത്തിന് ഒടുവിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും നേരിട്ട് കണ്ട് സംസാരിച്ചപ്പോഴാണ് സച്ചിനും കോൺഗ്രസ് നേതാക്കൾക്കുമിടയിലെ മഞ്ഞുരുകിയത്. പക്ഷേ, തിരികെ എത്തിയ സച്ചിന് ഗെലോട്ട് ക്യാമ്പ് നൽകുന്നത് അത്ര നല്ല സ്വീകരണമല്ല. സച്ചിൻ തിരികെ എത്തിയ ദിവസം ഗെലോട്ട് ജയ്‍സാൽമീറിലേക്ക് പോയി. അവിടെയാണ് ഗെലോട്ട് ക്യാമ്പിലെ നൂറിലേറെ എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന റിസോർട്ട്. തിരികെ എത്തിയ സച്ചിനുമായി ചേർന്നു നിൽക്കുന്ന 'ഫോട്ടോ -ഓപ്' ഒഴിവാക്കാൻ തന്നെയാണ് ഗെലോട്ട് കൃത്യം ദിവസം സ്ഥലം വിട്ടതെന്നാണ് കോൺഗ്രസ് നേതാക്കൾക്കിടയിൽത്തന്നെയുള്ള സംസാരം. 

കോൺഗ്രസ് നേതാക്കൾക്കിടയിൽ 'സ്വാഭാവികമായും' അസംതൃപ്തിയുണ്ടെന്നാണ് ഗെലോട്ട് റിസോർട്ടിലെത്തി എംഎൽഎമാരോട് പറഞ്ഞത്. 'മറക്കൂ, പൊറുക്കൂ, ജനാധിപത്യത്തിനായി', എന്ന് ഗെലോട്ട് സഹഎംഎൽഎമാരോട് പറഞ്ഞു. 

''എംഎൽഎമാർക്ക് ഇതിൽ അസംതൃപ്തിയുണ്ടാകും, എനിക്കറിയാം. അത് സ്വാഭാവികമാണ്. ഇങ്ങനെയൊരു സംഭവം നടന്നതും, ആ നാടകം ഒരു മാസം വരെ നീണ്ടുനിന്നതും ഒക്കെ ആലോചിച്ചാൽ അസംതൃപ്തിയുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, അവരോട് രാജ്യത്തെ, സംസ്ഥാനത്തെ, ജനങ്ങളെ, ജനാധിപത്യത്തെ ഒക്കെ ഓർത്ത് ഇതെല്ലാം സഹിക്കാനാണ് ഞാൻ പറഞ്ഞത്'', എംഎൽഎമാരുടെ യോഗശേഷം പുറത്തിറങ്ങിയ ഗെലോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

''തെറ്റുകൾ നമ്മൾ തിരുത്തണം, ജനാധിപത്യത്തിന് വേണ്ടി ഒന്നിച്ച് നിൽക്കണം. നൂറിലധികം എംഎൽഎമാർ എനിക്കൊപ്പം നിന്നുവല്ലോ, അത് തന്നെ വളരെ നിർണായകമായി'', എന്ന് ഗെലോട്ട്. 

യോഗശേഷം, ഗെലോട്ട് ടീമിലെ എംഎൽഎമാരെ ജയ്‍പൂരിലേക്ക് തിരികെ എത്തിച്ചു. പക്ഷേ, ഇവിടെയും അവർ റിസോർട്ടിൽത്തന്നെയാകും കഴിയുക. വെള്ളിയാഴ്ച നിയമസഭാസമ്മേളനം അവസാനിക്കുന്നത് വരെ അവ‍ർ റിസോർട്ടിൽ തുടരും. ഒരു കാരണവശാലും ജാഗ്രത കൈവിടാൻ ഗെലോട്ട് തയ്യാറല്ലെന്നർത്ഥം. 

നാളെ നിയമസഭാസമ്മേളനം തുടങ്ങുമ്പോൾ വിശ്വാസവോട്ടെടുപ്പുണ്ടാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ലെങ്കിലും, ഗെലോട്ടിന് സ്വന്തം ഭൂരിപക്ഷം തെളിയിക്കണമെന്നുണ്ട് എന്നാണ് ഈ നടപടിയിൽ നിന്ന് വ്യക്തമാകുന്നതും. 

നികമ്മാ, അതായത്, ഉപയോഗമില്ലാത്തവൻ എന്നതടക്കമുള്ള പദപ്രയോഗങ്ങൾ ഗെലോട്ട് തനിക്കെതിരെ നടത്തിയത് വേദനിപ്പിച്ചെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞിരുന്നു. ''ഞാനും മനുഷ്യനാണ്. എനിക്കും ഇത്തരം പരാമർശങ്ങളിൽ നിരാശയും വേദനയുമുണ്ടായിട്ടുണ്ട്. പക്ഷേ, ജനാധിപത്യത്തിന്‍റെ പേരിൽ എനിക്ക് മുന്നിൽ കൂടുതൽ ലക്ഷ്യങ്ങളുള്ളത് ഞാൻ തിരിച്ചറിയുന്നു. അതിന് മോശം വാക്കുകളുപയോഗിച്ചതൊന്നും എനിക്കൊരു തടസ്സമല്ല'', എന്ന് സച്ചിൻ. 

അപ്പോഴും, മടങ്ങിയെത്തുന്ന സച്ചിൻ പൈലറ്റ് ക്യാമ്പിലുള്ളവർക്ക് മന്ത്രിസഭാപുനഃസംഘടനയിൽ എത്ര ബർത്ത് കിട്ടുമെന്നതനുസരിച്ചിരിക്കും സർക്കാരിന്‍റെ ഭാവി.