Asianet News MalayalamAsianet News Malayalam

രാജസ്ഥാനിൽ സച്ചിന്‍റെ 'ഗൂഗ്ലി', വിധിക്ക് മാറ്റിയ കേസിൽ കേന്ദ്ര നിലപാടും കേൾക്കാമെന്ന് ഹൈക്കോടതി

ഫലത്തിൽ സച്ചിൻ പൈലറ്റിന് സമയം നീട്ടിക്കിട്ടുകയാണ്. സച്ചിൻ പൈലറ്റ് ക്യാമ്പിലെ എംഎൽഎമാരെ അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് പറഞ്ഞ് സ്പീക്കർ നൽകിയ നോട്ടീസിന് എതിരെയാണ് ഹർജി. ഇതിൽ കേന്ദ്രനിലപാട് കേൾക്കണമെന്ന് അവസാനനിമിഷമാണ് സച്ചിൻ ഹർജി നൽകിയത്.

rajasthan political crisis sachin pilot plea to hear centre argument agreed by high court
Author
Jaipur, First Published Jul 24, 2020, 11:24 AM IST

ജയ്‍പൂർ: രാജസ്ഥാനിലെ രാഷ്ട്രീയനാടകങ്ങൾക്കിടെ കോടതിയിലെ നിയമപോരാട്ടത്തിലും നാടകീയനീക്കങ്ങളുമായി സച്ചിൻ പൈലറ്റ്. അയോഗ്യതാ നോട്ടീസ് നൽകിയ സ്പീക്കർക്ക് എതിരെ സച്ചിൻ പൈലറ്റ് നൽകിയ ഹ‍ർജിയിൽ വിധി പറയാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പൈലറ്റ് പുതിയ ഹർജിയുമായി കോടതിയിലെത്തിയത്. ഭരണഘടനയുടെ പത്താം ഷെഡ്യൂളുമായി ബന്ധപ്പെട്ട കേസായതിനാൽ ഇതിൽ കേന്ദ്രനിലപാട് നിർണായകമാണെന്നും, അത് കേൾക്കണമെന്നുമായിരുന്നു സച്ചിൻ പൈലറ്റിന്‍റെ പുതിയ ഹർജി. അസാധാരണ നടപടിയിലൂടെ ഇത് കേൾക്കാമെന്ന് കോടതി സമ്മതിക്കുകയും ചെയ്തു. 

ഇത് ഭരണഘടനയുടെ പത്താം ഷെഡ്യൂളുമായി ബന്ധപ്പെട്ട വിഷയമാണ്. പത്താംഷെഡ്യൂളിന്‍റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്ന വിഷയമായി ഇത് ഉയരുകയാണ്. അതിനാൽ കേന്ദ്രനിലപാട് കൂടി കേൾക്കണമെന്നായിരുന്നു സച്ചിൻ പൈലറ്റിന്‍റെ ആവശ്യം. കേന്ദ്രനിലപാട് എന്താണെന്ന് അറിയാനും, കേന്ദ്രത്തിനായി ആര് വാദിക്കാനായി എത്തും എന്ന് അറിയിക്കാനും എഎസ്ജിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്രനിലപാട് അറിയുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ എഎസ്ജി കേന്ദ്രവുമായി ആശയവിനിമയം നടത്തുന്നുണ്ട് എന്നാണ് വിവരം.

കേന്ദ്രസർക്കാരിന്‍റെ വാദം കേസുമായി ബന്ധപ്പെട്ട് ഇന്ന് തന്നെ കേൾക്കുമോ എന്നതടക്കമുള്ള നിരവധി നിർണായക കാര്യങ്ങൾ അറിയേണ്ടതുണ്ട്. ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചതിനാൽ കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തന്നെ ഹാജരാകാനും സാധ്യത കൽപിക്കപ്പെടുന്നുണ്ട്. അങ്ങനെയെങ്കിൽ കേന്ദ്രത്തിന്‍റെ വാദം കേൾക്കാനായി മറ്റൊരു തീയതി കോടതിയ്ക്ക് നിശ്ചയിക്കേണ്ടി വരും. ചുരുക്കത്തിൽ വിധിപ്രസ്താവം വൈകുമെന്ന് അർത്ഥം. 

അതേസമയം, ഭരണഘടനയുടെ പത്താം ഷെഡ്യൂളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി തന്നെ വിശദമായി വിധി പറഞ്ഞിട്ടുള്ളതാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിധി പറയാനിരുന്ന കേസിലെ വിധിപ്രസ്താവം മാറ്റിവച്ചുകൊണ്ട് ഇതിൽ വാദം കേൾക്കുന്നതിന്‍റെ അർത്ഥമെന്തെന്നാണ് പല നിയമവിദഗ്ധരും ചോദിക്കുന്നത്. 

വിധി പറയാൻ മാറ്റി വച്ച കേസിൽ വീണ്ടും വാദം കേൾക്കാമെന്ന് സമ്മതിച്ച് വിധിപ്രസ്താവം തന്നെ മാറ്റിവയ്ക്കുന്ന നടപടി അത്യസാധാരണമാണ്. ഇതോടെ രാഷ്ട്രീയനീക്കങ്ങൾക്ക് സച്ചിൻ പൈലറ്റിന് സമയവും നീട്ടിക്കിട്ടുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി രാജസ്ഥാൻ ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് സുദീർഘമായ വാദമാണ് നടന്നത്. മുതിർന്ന നിയമവിദഗ്ധർ തന്നെയാണ് ഇരുപക്ഷത്തിനും വേണ്ടി ഹാജരായതും. 

രണ്ട് തവണ കോൺഗ്രസ് വിളിച്ച് ചേർത്ത നിയമസഭാകക്ഷി യോഗത്തിലും സച്ചിൻ പൈലറ്റും രണ്ട് മന്ത്രിമാരും ഉൾപ്പടെ 19 എംഎൽഎമാർ പങ്കെടുത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ ഇവർക്ക് നോട്ടീസയച്ചത്. അയോഗ്യത കൽപിക്കാതിരിക്കണമെങ്കിൽ കാരണം കാണിക്കണമെന്നതായിരുന്നു ആവശ്യം. മൂന്ന് ദിവസമാണ് മറുപടി നൽകാൻ സ്പീക്കർ വിമതർക്ക് നൽകിയത്. എന്നാൽ നിയമസഭാസമ്മേളനം ഇല്ലാത്ത സമയത്ത് ഇത്തരമൊരു നോട്ടീസ് അയക്കാൻ സ്പീക്കർക്ക് അധികാരമില്ല എന്ന് ചൂണ്ടിക്കാട്ടി പൈലറ്റ് പക്ഷം കോടതിയിലെത്തി. ഒപ്പം ഒരു പാർട്ടിയിൽ നിന്ന് രാജിവച്ച തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി നിലനിൽക്കില്ലെന്നും എംഎൽഎമാർ വാദിച്ചു. 

Follow Us:
Download App:
  • android
  • ios