ദില്ലി: രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനും ഒപ്പമുള്ള വിമത എംഎൽഎമാര്‍ക്കുമെതിരെ നടപടിയെടുക്കുന്നത് ഈ മാസം 24-ാം തിയതി വരെ തടഞ്ഞ രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല. സച്ചിൻ പൈലറ്റിനും എംഎൽഎമാർക്കുമെതിരെ കേസ് തീർപ്പാക്കുന്നതുവരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തിങ്കളാഴ്ച വരെ അയോഗ്യത തീരുമാനം പാടില്ല. ഹൈക്കോടതി കേസിൽ അന്തിമ തീരുമാനം എടുക്കും. സുപ്രീംകോടതി തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. ഹൈക്കോടതി വിധിക്ക് ശേഷം കേസ് പരിഗണിക്കാനാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. 

സച്ചിൻ പൈലറ്റിനും ഒപ്പമുള്ള വിമത എംഎൽഎമാര്‍ക്കുമെതിരെ നടപടിയെടുക്കുന്നത് ഈ മാസം 24-ാം തിയതി വരെ തടഞ്ഞ രാജസ്ഥാൻ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സ്പീക്കര്‍ നൽകിയ ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി ആർ ഗവായ്, കൃഷ്ണമുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സ്പീക്കർക്ക് വേണ്ടി കപിൽ സിബലാണ് കോടതിയിൽ ഹാജരായത്. സ്പീക്കർ നടപടി എടുക്കുന്നത് വരെ കോടതിക്ക് ഇടപെടാനാകില്ലെന്നും നടപടികൾ നീട്ടിവെക്കാൻ ഹൈക്കോടതിക്ക്  സ്പീക്കറോട് ആവശ്യപ്പെടാനാകില്ലെന്നും കബിൽ സിബൽ കോടതിയിൽ വാദിച്ചു. സ്പീക്കർ നടപടി എടുക്കരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതും അയോഗ്യത നോട്ടീസിന് മറുപടി നൽകാൻ സമയം നീട്ടി നൽകിയതും ഭരണഘടന വിരുദ്ധമാണെന്നും സിബൽ വ്യക്തമാക്കി. 

കോടതി തീരുമാനത്തിന് മുമ്പ് എംഎൽഎമാരെ സസ്പെൻറ് ചെയ്യുകയോ, അയോഗ്യരാക്കുകയോ ചെയ്താൽ അത് കോടതിയുടെ പരിഗണനയിൽ വരില്ലേ എന്ന് ജസ്റ്റിസ് മിശ്ര ചോദിച്ചു.എന്നാൽ നടപടി എടുത്താലെ ആ പ്രശ്നം വരുന്നുള്ളു എന്ന് വ്യക്തമാക്കിയ സിബൽ
2020 ലെ ജസ്റ്റിസ് നരിമാൻ കോടതിയുടെ വിധിയിൽ അയോഗ്യത നേരിടുന്ന എംഎൽഎമാർക്ക‌് ഇടക്കാല ഉത്തരവിലൂടെ കോടതികൾ സംരക്ഷണം നൽകരുത് എന്ന് പറഞ്ഞിട്ടുണ്ടെന്നും ആ വിധിയുടെ ലംഘനമാണ് ഇവിടെ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ഉണ്ടായതെന്നും  വാദിച്ചു. ജനാധിപത്യത്തിൽ മന്ത്രിസഭയിലെ എതിർ ശബ്ദങ്ങളെ അടിച്ചമർത്താനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇതൊരു സാധാരണ വിഷയമല്ലെന്നും പൊതുജനമാണ് ഇവരെ തെരഞ്ഞെടുത്തതെന്നും വ്യക്തമാക്കി.