Asianet News MalayalamAsianet News Malayalam

രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; ഇന്ന് വീണ്ടും കോൺഗ്രസ് നിയമസഭാകക്ഷി യോഗം

സ്വതന്ത്രർ ഉൾപ്പടെ 104 എംഎൽഎമാരെ ഇപ്പോൾ കോൺഗ്രസ് ജയ്പൂരിലെ ഒരു റിസോർട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. സച്ചിൻ പൈലറ്റിനൊപ്പം 16 എംഎൽഎമാർ ദില്ലിയിലുണ്ടെന്നാണ് കോൺഗ്രസിന് കിട്ടിയ വിവരം. 30 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് സച്ചിൻ പൈലറ്റ് പക്ഷം ആവർത്തിച്ചു.

rajasthan political drama sachin pilot still untamed congress attempts to pacify issue
Author
Jaipur, First Published Jul 14, 2020, 8:24 AM IST

ജയ്പൂ‌ർ: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി തുടരവെ ഇന്ന് വീണ്ടും കോൺഗ്രസ് നിയമസഭാകക്ഷി യോഗം ചേരും. രാവിലെ പത്തിനാണ് യോഗം. സച്ചിൻ പൈലറ്റിന് ഒരവസരം കൂടി നൽകാനാണ് യോഗമെന്ന് കോൺഗ്രസ് ഉന്നതവൃത്തങ്ങൾ പറഞ്ഞു. തർക്കം പാർട്ടിക്കകത്ത് പറഞ്ഞു തീർക്കാം എന്നാണ് കോൺഗ്രസ് നൽകുന്ന സന്ദേശം. 

സ്വതന്ത്രർ ഉൾപ്പടെ 104 എംഎൽഎമാരെ ഇപ്പോൾ കോൺഗ്രസ് ജയ്പൂരിലെ ഒരു റിസോർട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. സച്ചിൻ പൈലറ്റിനൊപ്പം 16 എംഎൽഎമാർ ദില്ലിയിലുണ്ടെന്നാണ് കോൺഗ്രസിന് കിട്ടിയ വിവരം. 30 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് സച്ചിൻ പൈലറ്റ് പക്ഷം ആവർത്തിച്ചു. അശോക് ഗെലോട്ടുമായി ബന്ധമുള്ള മൂന്നു പേരുടെ സ്ഥാപനത്തിൽ ഇന്നലെ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

2018 ഡിസംബറിൽ രാജസ്ഥാനിൽ അധികാരത്തിലേറിയത് മുതൽ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം കോൺഗ്രസിന് തലവേദനയാണ്. ബിജെപി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനായി ചില അനധികൃത ഇടപാടുകൾ സംസ്ഥാനത്ത് നടത്തുന്നതായി രാജസ്ഥാൻ പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന് നോട്ടീസ് ലഭിക്കുന്നതോടെയാണ് ഇപ്പോഴുള്ള തമ്മിലടിക്ക് തുടക്കമാകുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെയാണ് രാജസ്ഥാനിലെ ആഭ്യന്തരമന്ത്രിയും. 

പൊലീസയച്ച ഈ നോട്ടീസ് സച്ചിൻ പൈലറ്റിനെ അപമാനിക്കാൻ വേണ്ടിയുള്ളതാണെന്ന് ഉറപ്പായിരുന്നു. തൽക്കാലം പ്രശ്നം കൈവിട്ട് പോകാതിരിക്കാൻ ഈ അന്വേഷണത്തിൽ തനിക്കും പൊലീസ് നോട്ടീസയച്ചെന്ന് അശോക് ഗെലോട്ട് പ്രഖ്യാപിച്ചു. എന്നാൽ കുപിതനായ സച്ചിൻ പൈലറ്റ് ഇത്തവണ പരസ്യമായിത്തന്നെ ഗെലോട്ടിനെതിരെ രംഗത്തിറങ്ങുകയും സ്വന്തം പക്ഷത്തെ മുപ്പത് എംഎൽഎമാരെ കൂടെക്കൂട്ടി കലാപം തുടങ്ങുകയായിരുന്നു. ബിജെപിയിലേക്കില്ല എന്ന് ചില ദേശീയമാധ്യമങ്ങളോട് പറ‍ഞ്ഞെങ്കിലും ഇപ്പോഴും ബിജെപിയുമായി സച്ചിൻ പൈലറ്റ് പിന്നാമ്പുറചർച്ചകൾ നടത്തുന്നുണ്ടെന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios