ദില്ലി: കുടിയേറ്റ തൊഴിലാളികൾക്കു വേണ്ടി ബസ് ഏർപ്പെടുത്തുന്നതു സംബന്ധിച്ച രാഷ്ട്രീയവിവാദത്തിൽ ഉത്തർപ്രദേശിലെ യോ​ഗി ആദിത്യനാഥ് സർക്കാരിനെതിരെ ആഞ്ഞടിച്ച് രാജസ്ഥാൻ സർക്കാർ. പ്രിയങ്കാ ​ഗാന്ധി അയച്ച ബസുകൾക്ക് യാത്രാനുമതി നൽകാതെ യോ​ഗി ആദിത്യനാഥ് വൃത്തികെട്ട രാഷ്ട്രീയം കളിച്ചെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ആരോപിച്ചു. 

രാജസ്ഥാനിലെ കോട്ടയിൽ നിന്ന് വിദ്യാർത്ഥികളെ തിരികെ കൊണ്ടുപോകാൻ ഉത്തർപ്രദേശ് നൽകിയ വാഹനങ്ങളുടെ പട്ടികയിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങളും ഉണ്ടായിരുന്നു. അതിന്റെ പേരിൽ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിതടയാതിരുന്നത് മാന്യത കൊണ്ടാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. വാഹനങ്ങളുടെ വിശദാംശങ്ങളും സച്ചിൻ പൈലറ്റ് പുറത്തുവിട്ടു.,

ഉത്തർപ്രദേശിലെ കുടിയേറ്റ തൊഴിലാളികൾക്കുള്ള ബസുകളെ ചൊല്ലിയുള്ള ബിജെപി-കോൺഗ്രസ് പോര് വലിയ രാഷ്ട്രീയവിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഫിറ്റ്നസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി യുപി സർക്കാർ ബസുകൾക്ക് അനുമതി നിഷേധിച്ചതോടെയാണ് കാര്യങ്ങൾ വഷളായത്.  പ്രിയങ്ക ഗാന്ധി ഏർപ്പെടുത്തിയ എണ്ണൂറ് ബസുകളിൽ 297 ബസുകൾക്ക് ഫിറ്റ്നസ് ഇല്ലെന്ന് ആരോപിച്ച് ബസുകൾക്ക് ഉത്തർപ്രദേശ് സർക്കാർ യാത്രാനുമതി നിഷേധിക്കുകയായിരുന്നു. 

കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കാന്‍ പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്ത വാഹനങ്ങളിൽ കാറും ഓട്ടോയുമാണെന്ന ആരോപണവുമായി ബിജെപി രം​ഗത്തെത്തിയിരുന്നു. ബിജെപി വക്താവ് സാംപിത് പത്ര, കപില്‍ മിശ്ര, യുപി മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് എന്നിവരാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ ആരോപണവുമായി എത്തിയത്. 

ബസുകളുടെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കോണ്‍ഗ്രസിന് കത്ത് നല്‍കിയിരുന്നു. ഇത് പരിശോധിച്ചെന്നും അവര്‍ നല്‍കിയ പട്ടികയില്‍ ഇരുചക്ര വാഹനവും ഓട്ടോയും ഗുഡ്സ് കാരിയറുമടക്കമുള്ളവയുണ്ടെന്നാണ് ഉത്തര്‍പ്രദേശ് മന്ത്രിയായ സിദ്ധാര്‍ത്ഥ് നാഥ് സിംഗ് വാര്‍ത്താ എജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചത്. ഇത് നിര്‍ഭാഗ്യകരമാണെന്നും ഇത്തരം വഞ്ചനാശ്രമത്തിന് സോണിയാ ഗാന്ധി മറുപടി നല്‍കണമെന്നുമാണ് സിദ്ധാര്‍ത്ഥ് നാഥ് പറഞ്ഞത്. ഇവയ്ക്കെല്ലാമുള്ള മറുപടിയായാണ് ഇപ്പോൾ സച്ചിൻ പൈലറ്റിന്റെ പ്രതികരണം വന്നിരിക്കുന്നത്.