ബംഗലൂരു: ലഡാക്കില്‍ ചൈനീസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ച സംഭവത്തില്‍ ശക്തമായി പ്രതികരിച്ച് രാജ്യസഭ എംപി രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യന്‍ സൈനികരുടെ വീരമൃത്യു സംബന്ധിച്ച വാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചാണ് രാജീവ് ചന്ദ്രശേഖര്‍ എംപി ചൈനീസ് പ്രകോപനത്തിനെതിരെ ശക്തമായി പ്രതികരിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റാണ് ഇപ്പോള്‍ ചൈനീസ് പ്രസിഡന്‍റ് സീയും, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ചെയ്തിരിക്കുന്നത് എന്നാണ് രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ ട്വീറ്റ് തുടങ്ങുന്നത്.

ചൈന ഇപ്പോള്‍ ഔദ്യോഗികമായി ഇന്ത്യയുടെയും എല്ലാ ഇന്ത്യക്കാരുടെയും ശത്രുവായിരിക്കുകയാണ്. എല്ലാ ഇന്ത്യക്കാരോടും അപേക്ഷിക്കുകയാണ്, ക്ഷമയോടെ നാം ഒന്നിക്കണം, സ്ത്രീയും പുരുഷനും എല്ലാം ഒന്നിച്ച് നിന്ന് നമ്മുടെ സായുധസേനയ്ക്ക് കരുത്ത് നല്‍കണം. ചൈനയിലെ കഠിന ഹൃദയരായ കമ്യൂണിസ്റ്റ് ഭരണത്തെ സാമ്പത്തികമായും സൈനികമായും നമ്മുക്ക് തകര്‍ക്കാന്‍ സാധിക്കണം - രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ രാത്രിയാണ് ലഡാക്കിൽ ചൈനീസ് സേന  അതിര്‍ത്തിയില്‍ നടത്തിയ പ്രകോപനത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനീകര്‍ക്ക് വീരമൃത്യു സംഭവിച്ചത്. കേണൽ റാങ്കിലുള്ള ഒരു ഇന്ത്യൻ സേനാ ഉദ്യോ​ഗസ്ഥനും രണ്ട് സൈനികരുമാണ് സംഘര്‍ഷത്തിനിടെ വീരമൃത്യു വരിച്ചത്. 

ലഡാക്കിൽ ഇന്ത്യാ-ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് സംയുക്ത സേനാത്തലവൻ ബിപിൻ റാവത്തുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യമന്ത്രി എസ് ജയശങ്കറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇന്നലെ രാത്രി ലഡാക്കിലെ ​ഗൽവാൻ താഴ്വരയിലാണ്  സംഘര്‍ഷമുണ്ടായത്.

"