ചെന്നൈ: വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ എല്ലാ സീറ്റിലും മത്സരിക്കാൻ രജനീകാന്തിന്റെ രജനീ മക്കൾ മണ്ഡ്രം ആലോചിക്കുന്നു. ആകെയുള്ള 234 സീറ്റുകളിലേക്കും പരിഗണിക്കാവുന്ന 234 പേരുടെ സ്ഥാനാർത്ഥി പട്ടിക തയാറാക്കുകയാണ് രജനിയും സംഘവും. ഇത് സംബന്ധിച്ച് രജനീ മക്കൾ മണ്ഡ്രം ഭാരവാഹികളുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തുകയാണ്.

ഡിസംബർ 31ന്  രാഷ്ട്രീയപാർട്ടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടും. 2021 ജനുവരിയിൽ പാർട്ടി പ്രഖ്യാപനം ഉണ്ടാകും. തമിഴ്നാടിന്റെ മാറ്റം ഇപ്പോഴല്ലെങ്കിൽ പിന്നെയൊരിക്കലുമില്ല എന്നതിൽ തന്നെ രജനിയുടെ നിലപാട് വ്യക്തമാണ്. കാലങ്ങളായി ദ്രാവിഡിയൻ രാഷ്ട്രീയത്തിലൂന്നിയുള്ള ഭരണത്തിന്റെ മാത്രം രുചിയറിഞ്ഞ തമിഴ്നാടിനെ പുതിയൊരു വഴിയിലേക്ക് നയിക്കാനാണ് ഈ പടപ്പുറപ്പാട്.

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പൊതുരം​ഗത്തേക്കിറങ്ങേണ്ട എന്ന് ഡോക്ടർമാർ നൽകിയ നിർദ്ദേശമായിരുന്നു രജനിയെ പിന്നോട്ടുവലിച്ച ഏറ്റവും ഒടുവിലത്തെ കാരണം. രജനിയെ എങ്ങനെയും രാഷ്ട്രീയത്തിലിറക്കാൻ ബിജെപിയും ആ നീക്കത്തിന് ആവും വിധം തടയിടാൻ അണ്ണാ ഡിഎംകെയും ശ്രമിച്ചതൊക്കെ ഇനി പഴങ്കഥയാണ്. എന്തായാലും സമ്മർദ്ദം ചെലുത്തുന്നതിൽ ബിജെപി തന്നെ വിജയിച്ചു.

തന്റേത് ആത്മീയ രാഷ്ട്രീയമാണ് എന്നത് രജനീകാന്ത് ആവർത്തിച്ചു പറയുന്ന കാര്യമാണ്. ദ്രാവിഡ രാഷ്ട്രീയപാതയല്ല തന്റേതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ ഹിന്ദുത്വയുമായി ഈ 'ആത്മീയരാഷ്ട്രീയ'ത്തെ കൂട്ടിക്കലർത്തിക്കൊണ്ടുള്ള നീക്കമാണോ ഇനി നടക്കാനുള്ളതെന്ന് കണ്ടറിയണം.