Asianet News MalayalamAsianet News Malayalam

രജനിയുടെ ട്രെയിലര്‍ ഹിറ്റ്; 'എംജിആർ അത്ഭുതം' ആവർത്തിക്കുമോ ? അണിയറയിൽ ബിജെപി; തമിഴകത്ത് ഇനിയെന്ത്

തമിഴകമാണ്, രാഷ്ട്രീയമാണ്, എന്തും സംഭവിക്കാം. ഇന്ന് ഒറ്റ ട്വീറ്റിലൂടെ രജനി പുറത്തുവിട്ടത് ട്രെയിലർ മാത്രമാണ്. പഞ്ച് ഡയലോ​ഗുകളും നാടകീയ സന്ദർഭങ്ങളുമൊക്കെയായി മുന്നേറാനുള്ള ഒരു വലിയ കാഴ്ചയുടെ തുടക്കം മാത്രമാണത്. ഇനിയെന്ത്, അത് കാത്തിരുന്ന് കാണുക തന്നെ വേണം!!

rajinikanth  and tamil politics bjp influence future
Author
Tamilnadu, First Published Dec 3, 2020, 9:07 PM IST

"നമ്മളെല്ലാം തിരുത്തിക്കുറിക്കും. ഇപ്പോഴല്ലെങ്കിൽ പിന്നെയൊരിക്കലുമില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ നമ്മൾ വിജയിക്കും. സത്യസന്ധവും സുതാര്യവും അഴിമതിരഹിതവും ആയ ഭരണം കാഴ്ചവെക്കും. മതേതരവും ആത്മീയത നിറഞ്ഞതുമായ രാഷ്ട്രീയമായിരിക്കും അത്. അത്ഭുതം സംഭവിക്കും"- വർഷങ്ങൾ നീണ്ട ആകാംക്ഷയ്ക്ക് വിരാമമിട്ട്, പഞ്ച് ഡയലോ​ഗിലൂടെ  തമിഴ്നാടിന്റെ സ്റ്റൈൽ മന്നൻ രജനീകാന്ത് അങ്ങനെ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഡിസംബർ 31ന്  രാഷ്ട്രീയപാർട്ടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടും. 2021 ജനുവരിയിൽ പാർട്ടി പ്രഖ്യാപനം ഉണ്ടാകും. തമിഴ്നാടിന്റെ മാറ്റം ഇപ്പോഴല്ലെങ്കിൽ പിന്നെയൊരിക്കലുമില്ല എന്നതിൽ തന്നെ രജനിയുടെ നിലപാട് വ്യക്തമാണ്. കാലങ്ങളായി ദ്രാവിഡിയൻ രാഷ്ട്രീയത്തിലൂന്നിയുള്ള ഭരണത്തിന്റെ മാത്രം രുചിയറിഞ്ഞ തമിഴ്നാടിനെ പുതിയൊരു വഴിയിലേക്ക് നയിക്കാനാണ് ഈ പടപ്പുറപ്പാട്. "തമിഴ്ജനതയ്ക്കായി ജീവിതം ത്യജിക്കാൻ എനിക്ക് യാതൊരു മടിയുമില്ല. തമിഴ്നാട്ടിൽ ഭരണ, രാഷ്ട്രീയ വ്യതിയാനം ഉണ്ടാവണം എന്ന അനിവാര്യത നമ്മുടെ കാലത്തിന്റെ ആവശ്യമാണ്"- രജനി ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. പല കാരണങ്ങളിൽ തട്ടി നിരവധി തവണ 'വേണ്ട- വേണം' ആശയക്കുഴപ്പത്തിൽ രാഷ്ട്രീയപ്രവേശത്തെ തളച്ചിട്ടിരുന്നയാളാണ് രജനി. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പൊതുരം​ഗത്തേക്കിറങ്ങേണ്ട എന്ന് ഡോക്ടർമാർ നൽകിയ നിർദ്ദേശമായിരുന്നു രജനിയെ പിന്നോട്ടുവലിച്ച ഏറ്റവുമൊടുവിലത്തെ കാരണം. രജനിയെ എങ്ങനെയും രാഷ്ട്രീയത്തിലിറക്കാൻ ബിജെപിയും ആ നീക്കത്തിന് ആവുംവിധം തടയിടാൻ അണ്ണാഡിഎംകെയും ശ്രമിച്ചതൊക്കെ ഇനി പഴങ്കഥയാണ്. എന്തായാലും സമ്മർദ്ദം ചെലുത്തുന്നതിൽ ബിജെപി തന്നെ വിജയിച്ചു, രജനി രാഷ്ട്രീയനേതാവ് കൂടിയാവുന്നു. 

ഈ രാഷ്ട്രീയപ്രവേശം തമിഴ് രാഷ്ട്രീയത്തിൽ തീപ്പൊരി ചിന്നിക്കും എന്നതിൽ സംശയമൊന്നുമില്ല. ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്ന ബിജെപിക്ക് രജനിയുടെ തീരുമാനം ​ഗുണകരമാവുമെന്ന് തന്നെയാണ് നിലവിലെ വിലയിരുത്തലുകൾ. വെട്രിവേൽ യാത്രയുമായി തമിഴ്നാട്ടിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് നടത്തിയ ചരടുവലികളെത്തുടർന്നാണ് രജനീകാന്ത് സമ്മർദ്ദത്തിലായതെന്നാണ് വിവരം. അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി ആർഎസ്എസ് സൈദ്ധാന്തികൻ എസ് ​ഗുരുമൂർത്തി രജനിയുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു. സന്ദർശനവേളയിലാവട്ടെ ബിജെപിയുടെ സൈദ്ധാന്തികനേതാവ് അർജുന മൂർത്തിയുമായും രണ്ട് ദിവസം അമിത് ഷാ ചർച്ച നടത്തി. ഇതേ അർജുനമൂർത്തിയാണ് ഇന്ന് രജനീകാന്തിന്റെ പാർട്ടി കോർഡിനേറ്ററായി നിയമിതനായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അർജുനമൂർത്തി ബിജെപിയിൽ നിന്ന് രാജിവച്ചത്. വിശദീകരണമൊന്നും ആവശ്യപ്പെടാതെ തന്നെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കാരു നാ​ഗരാജൻ ആ രാജി സ്വീകരിക്കുകയും ചെയ്തു. ദേശീയനേതാക്കളുമായി പോലും വളരെയടുപ്പമുള്ള അർജുന മൂർത്തിയുടെ പെട്ടന്നുള്ള രാജിയും തുടർനീക്കങ്ങളും കണ്ണുമടച്ച് വിശ്വസിക്കാനാവുന്നതല്ലെന്ന് അഭിപ്രായങ്ങളുയരുന്നുണ്ട്. തന്റേത് ആത്മീയ രാഷ്ട്രീയമാണ് എന്നത് രജനീകാന്ത് ആവർത്തിച്ചു പറയുന്ന കാര്യമാണ്. ദ്രാവിഡ രാഷ്ട്രീയപാതയല്ല തന്റേതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ ഹിന്ദുത്വയുമായി ഈ 'ആത്മീയരാഷ്ട്രീയ'ത്തെ കൂട്ടിക്കലർത്തിക്കൊണ്ടുള്ള നീക്കമാണോ ഇനി നടക്കാനുള്ളതെന്ന് കണ്ടറിയണം. ബിജപിയുടെ ആശയങ്ങൾ നേരിട്ട് തമിഴ്മണ്ണിലേക്ക് ആഴ്ന്നിറങ്ങില്ല. അപ്പോൾ പിന്നെ മൃദുഭാവത്തിൽ അവതരിപ്പിച്ചു കൂടായ്കയില്ലല്ലോ എന്നാണ് കരക്കമ്പി. 

rajinikanth  and tamil politics bjp influence future

ആരാണ് അർജുന മൂർത്തി?

ബിജെപിയുടെ ബി ടീമാണോ രജനിയുടെ പാർട്ടി എന്ന സംശയം ഉറപ്പിക്കുന്ന ഫാക്ടറാണ് ഈ അർജുനമൂർത്തി. ഡിഎംകെ നേതാവ് കരുണാനിധിയുടെ മരുമകനും മുൻ കേന്ദ്രമന്ത്രിയുമായി മുരശൊലി മാരന്റെ ഉപദേഷ്ടാവായാണ് അർജുനമൂർത്തി രാഷ്ട്രീയ രംഗത്തേക്കെത്തിയത്. മുരശൊലി മാരന്റെ മരണത്തോടെ അർജുനമൂർത്തി നേരെ ബിജെപിയിലെത്തി. ശക്തമായ ആർഎസ്എസ് അനുഭാവം പുലർത്തിയ അർജുന മൂർത്തി ക്രമേണ ബിജെപിയുടെ സൈദ്ധാന്തിക വിഭാ​ഗം തലവനായി. 

രജനിയുടെ വരവ് ഡിഎംകെയെ തളർത്തുമോ?

ഡിഎംകെയിലെ പടലപ്പിണക്കങ്ങളെ പ്രയോജനപ്പെടുത്താൻ രജനികാന്തിന് കഴിഞ്ഞേക്കും. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്റെ മുഖ്യമന്ത്രി മോഹത്തിന് തടയിടാൻ സഹോദരൻ എം കെ അഴ​ഗിരി ആവുംവിധമൊക്കെ ശ്രമിക്കുന്നതിനിടെയാണ് രജനിയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവ്. അഴ​ഗിരിയെ പാളയത്തിലെത്തിക്കാനുള്ള തന്ത്രങ്ങൾ ബിജെപി നേരത്തെ തുടങ്ങിയിരുന്നു. അഴ​ഗിരിയുടെ അടുത്ത അനുയായിയായ കെ പി രാമലിം​ഗം അമിത് ഷായുടെ സന്ദർശനവേളയിൽ ബിജെപിയിൽ ചേർന്നിരുന്നു. അഴ​ഗിരി തനിക്ക് സ്വന്തം സഹോദരനെപ്പോലെയാണ്, അദ്ദേഹത്തെ ബിജെപിയിലെത്തിക്കാൻ‌ പരമാവധി ശ്രമിക്കുമെന്നും രാമലിം​ഗം പറഞ്ഞിരുന്നു. അഴ​ഗിരിയെ അനുനയിപ്പിച്ച് ഒപ്പം നിർത്താനുള്ള നീക്കമൊക്കെ ഡിഎംകെ നടത്തുന്നുണ്ട്.  എന്നാൽ, ജനുവരിയിൽ മാത്രമേ തീരുമാനമുള്ളു എന്നാണ് അഴ​ഗിരിയുടെ നിലപാട്. 

rajinikanth  and tamil politics bjp influence future

ബിജെപി നേതാക്കളാരും തന്നെ വിളിച്ചിട്ടില്ലെന്നൊക്കെയാണ് അഴ​ഗിരി ഇതുവരെ പറഞ്ഞിട്ടുള്ളത്. ബിജെപിക്കൊപ്പം പോകുമെന്ന പ്രതീതി സൃഷ്ടിച്ച് ഡിഎംകെയിൽ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ മാത്രമാണ് അഴ​ഗിരി നടത്തുന്നതെന്നും വിലയിരുത്തലുകളുണ്ട്. അഴ​ഗിരിയുടെ മകൻ ദുരൈനിധിക്ക് പാർട്ടിയിൽ സ്ഥാനം നൽകി രമ്യതയിലെത്താമെന്നാണ് ഡിഎംകെയുടെ കണക്കുകൂട്ടൽ. എന്നാൽ ഇതിന് അഴ​ഗിരി വഴങ്ങുമോ എന്ന് കണ്ടറിയണം. അഴ​ഗിരി പുതിയ പാർട്ടി രൂപീകരിക്കുമോ എന്ന് അണികൾക്കിടയിൽ പോലും ആശങ്കയുണ്ടെന്നാണ് വിവരം.

ഇത്തരം ആശങ്കകളെയും നിരാശകളെയുമൊക്കെ തനിക്കുള്ള വോട്ടാക്കിമാറ്റുമോ രജനീകാന്ത് എന്ന് ചോദ്യങ്ങളുയരുന്നുണ്ട്. ഡിഎംകെ വിരുദ്ധ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും പോക്കറ്റിലാക്കാൻ രജനിക്ക് കഴിഞ്ഞേക്കും. ഡിഎംകെയുടെ പരമ്പരാ​ഗത വോട്ടുബാങ്കുകളിൽ ഇളക്കമുണ്ടാക്കാൻ കഴിയില്ലെങ്കിലും രജനീപ്രഭാവം വരുന്ന തെരഞ്ഞെടുപ്പിൽ സമവാക്യങ്ങളെ തിരുത്തിക്കുറിക്കുമെന്നുറപ്പ്. അത് ഡിഎംകെയ്ക്ക് ​ഗുണമാകാൻ തരമില്ല.

അണ്ണാ ഡിഎംകെയുടെ ഭാവി

നിയമസഭയിൽ മേൽക്കെ ഉണ്ടായിട്ടും അണ്ണാ ഡിഎംകെ ബിജെപിയെ ഭയക്കുന്നുണ്ട് എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. തമിഴ്നാട്ടിൽ ഒരു എംഎൽഎ പോലുമില്ലാത്ത പാർട്ടിയാണ് ബിജെപി. എന്നിട്ടും അണ്ണാഡിഎംകെയെ വരച്ച വരയിൽ നിർത്താൻ ബിജെപിക്ക് കഴിയുന്നു. ഏറ്റവുമൊടുവിലത്തെ ഉദാഹരണമായിരുന്നു വെട്രിവേൽ യാത്രയെച്ചൊല്ലിയുണ്ടായ കോലാഹലങ്ങളും ഒടുവിൽ സംഭവിച്ച ട്വിസ്റ്റും. രാമനെ  ഉയർത്തിക്കാട്ടി ഉത്തരേന്ത്യയെ ഒപ്പം നിർത്തുക എന്ന തന്ത്രത്തിന്റെ ബാക്കിപത്രമായിരുന്നു മുരുകനെ കൂട്ടുപിടിച്ചുള്ള ബിജെപിയുടെ വെട്രിവേൽ യാത്ര. കൊവിഡ്, ക്രമസമാധാനം തുടങ്ങിയവയൊക്കെ നിരത്തി ബിജെപി യാത്രയെ വെട്രിയിൽ (വിജയത്തിൽ‍) എത്തിക്കാതിരിക്കാനുള്ള ശ്രമം അണ്ണാഡിഎംകെ നടത്തി. വെട്രിവേൽ യാത്രയ്ക്ക് അനുമതി നിഷേധിച്ചതോടെ ബിജെപി- അണ്ണാ ഡിഎംകെ സഖ്യത്തിൽ ഉലച്ചിലുണ്ടാകുകയും ചെയ്തു. പാർട്ടി മുഖപത്രത്തിൽ ബിജെപിയെ വിമർശിക്കുന്ന തരത്തിൽ ലേഖനം പ്രസിദ്ധീകരിക്കാൻ പോലും അണ്ണാ ഡിഎംകെ തയ്യാറായി.  എന്നാൽ, കളംപിടിക്കാൻ അമിത് ഷാ നേരിട്ടെത്തിയതോടെ സം​ഗതികൾ കീഴ്മേൽ മറിഞ്ഞു. അണ്ണൻ- തമ്പി കൂട്ടുകെട്ട് വീണ്ടും ഉറച്ചു. സംസ്ഥാന ബിജെപി നേതൃത്വവും അണ്ണാ ഡിഎംകെയും വകൈകോർത്തു. അമിത് ഷാ കണ്ണുരുട്ടിയപ്പോൾ അണ്ണാ ഡിഎംകെ പേടിച്ചു എന്ന് വരെ പറഞ്ഞുകേട്ടു. 

rajinikanth  and tamil politics bjp influence future

രജനിയുടെ രാഷ്ട്രീയപ്രഖ്യാപനം ഉണ്ടായപ്പോഴും ബിജെപി സഖ്യം തുടരുമെന്ന നിലപാട് അണ്ണാ ഡിഎംകെ ആവർത്തിച്ചു. രജനി തങ്ങൾക്ക് ഭീഷണിയേയല്ല എന്ന ആത്മവിശ്വാസമായും ഈ നിലപാടിനെ വിലയിരുത്തപ്പെടുന്നുണ്ട്. ഒ പനീർസെൽവം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം സ്വാഗതം ചെയ്തിട്ടുണ്ട്.  രജനി അണ്ണാഡിഎംകെയോട്  എന്ത് നിലപാടാണ് സ്വീകരിക്കുക എന്നാണ് ഇനി അറിയേണ്ടത്. 

കമലും രജനിയും നേർക്കുനേർ വരുമ്പോൾ

കമൽഹാസൻ രാഷ്ട്രീയത്തിലെത്തി മൂന്നു വർഷം കഴിഞ്ഞിരിക്കുന്നു. പ്രതീക്ഷിച്ച ചലനങ്ങളുണ്ടാക്കാൻ കമലിന് കഴിഞ്ഞില്ലെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മക്കൾ നീതി മയ്യം നാല് ശതമാനം വോട്ടുകൾ നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം നില മെച്ചപ്പെടുത്തിയാൽ തമിഴകത്തിന്റെ രാഷ്ട്രീയ​ഗതിയിൽ അത് നിർണ്ണായകമാകും. പോരാട്ടവീര്യത്തോടെ കമൽ പ്രചാരണരം​ഗത്തിറങ്ങിക്കഴിഞ്ഞു. അദ്ദേഹം മത്സരിക്കുന്നത് അണികളിൽ ആവേശമുണ്ടാക്കുകയും അത് വോട്ടായി മാറുകയും ചെയ്താലോ എന്നൊരു സാധ്യത നിലനിൽക്കുന്നുണ്ട്. തന്റേത് മൂന്നാം മുന്നണിയെന്ന് പ്രഖ്യാപിച്ച കമൽ മുഖ്യധാരാ പാർട്ടികളുമായി സഖ്യത്തിനില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ്. ദ്രാവിഡവഴിയും ഇടത് ചായ്വുമാണ് തന്റേതെന്ന് കമൽ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ രജനിയും കമലും എതിർദിശകളിലൂടെ തന്നെ നിയമസഭയിലേക്ക് വഴി തേടും. 

rajinikanth  and tamil politics bjp influence future

'രജനി മാജിക്' പ്രതീക്ഷിക്കാമോ?

തലൈവർ, അടുത്ത എംജിആർ എന്നൊക്കെ അണികൾ രജനീകാന്തിനെ വിശേഷിപ്പിക്കുന്നുണ്ട്. സ്വന്തം ആരാധകരെ അണികളാക്കിയവർ എന്ന സാമ്യം ഇരുവർക്കുമുണ്ട്. എന്നാൽ, എംജിആർ ആഴ്ന്നിറങ്ങിയതുപോലെ തമിഴ്ജനതയുടെ മനസ്സിലേക്ക് രാഷ്ട്രീയവേര് പിടിച്ച് തഴച്ചുവളരാൻ രജനിക്ക് കഴിയുമോ എന്ന് സംശയിക്കണം. ആത്മീയ രാഷ്ട്രീയമെന്ന രജനിയുടെ ആശയം ബിജെപിയ്ക്കൊപ്പം ചാഞ്ഞാൽ ആ തണലിൽ നിൽക്കാൻ തമിഴകം മടിക്കും. 

എംജിആറിനുണ്ടായിരുന്ന രാഷ്ട്രീയ അടിത്തറ രജനിക്കില്ല എന്നോർക്കണം. രാഷ്ട്രീയപശ്ചാത്തലം ഇല്ല എന്നത് മാത്രമല്ല തമിഴ്നാടുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും പ്രതികരിക്കാൻ പോലും രജനി ലൈംലൈറ്റിലേക്ക് വന്നിട്ടില്ല. അണ്ണാദുരൈ എന്ന വൻമരത്തിനു കീഴിലാണ് എംജിആർ വളർന്നത്. പാവങ്ങളുടെ പടത്തലവൻ പ്രതിഛായ എംജിആർ വെറുതെ നേടിയതായിരുന്നില്ല. അണ്ണാദുരൈയുടെ മരണശേഷവും പുതിയ പാർട്ടി രൂപീകരിച്ചപ്പോഴുമൊക്കെ എംജിആറിനെ തുണച്ചതും ആ രാഷ്ട്രീയകളരിയിലെ അനുഭവപാഠങ്ങളായിരുന്നു. വെള്ളിത്തിരയിലെ താരങ്ങളെ രാഷ്ട്രീയ അരങ്ങിൽ വാഴിക്കാൻ മടിച്ചിട്ടുള്ളവരല്ല തമിഴ്മക്കൾ എന്നൊക്കെ പറയാനാകും. എന്നാൽ, എംജിആറിനു പിന്നാലെ ജയലളിത തമിഴകത്തിന്റെ  പുരട്ചി തലൈവിയായതും രാഷ്ട്രീയപ്രവർത്തനത്തിന്റെ അനുഭവപരിചയത്തിലായിരുന്നു. 

എംജിആറും ജയലളിതയും തമിഴരല്ലായിരുന്നു. എന്നിട്ടും തമിഴകം അവരെ അധികാരത്തിലിരുത്തി. ഇരുവരും തമിഴ്നാട്ടിലെ പ്രബലജാതിയിൽ പെട്ടവരായിരുന്നില്ല. എന്നിട്ടും ജനങ്ങൾ അവരെ അധികാരത്തിലും ആരാധിച്ചു. ഇതേ ആനുകൂല്യങ്ങൾ രജനീകാന്തിനുമുണ്ട് എന്നത് അദ്ദേഹത്തിനുള്ള സാധ്യതയായി വിലയിരുത്തപ്പെടുന്നു. കന്നഡി​ഗനായ ശിവാജി റാവു ഗെയ്ക്ക്‌വാദിനെ സൂപ്പർ സ്റ്റാർ രജനീകാന്ത് ആക്കിയത് തമിഴ്മക്കളാണ്. തമിഴകമാണ്, രാഷ്ട്രീയമാണ്, എന്തും സംഭവിക്കാം. ഇന്ന് ഒറ്റ ട്വീറ്റിലൂടെ രജനി പുറത്തുവിട്ടത് ട്രെയിലർ മാത്രമാണ്. പഞ്ച് ഡയലോ​ഗുകളും നാടകീയ സന്ദർഭങ്ങളുമൊക്കെയായി മുന്നേറാനുള്ള ഒരു വലിയ കാഴ്ചയുടെ തുടക്കം മാത്രമാണത്. ഇനിയെന്ത്, അത് കാത്തിരുന്ന് കാണുക തന്നെ വേണം!!


 

Follow Us:
Download App:
  • android
  • ios