ചെന്നൈ: പുതിയ രാഷ്ട്രീയ പാർട്ടിയെക്കുറിച്ചുള്ള ആശയങ്ങളും സ്വപ്നങ്ങളും പങ്ക് വച്ച് രജനീകാന്ത്. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും അതുണ്ടായില്ല. രജനി മക്കൾ മണ്ഡ്രത്തിന്‍റെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ രജനീകാന്ത് പാർട്ടിയെക്കുറിച്ചുള്ള തന്‍റെ ആശയങ്ങൾ പങ്കുവയ്ക്കുകയും രാഷ്ട്രീയ  കാഴ്ചപ്പാട് വിശദീകരിക്കുകയും മാത്രമാണ് ചെയ്തത്. 

മുഖ്യമന്ത്രിയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് രജനീകാന്ത് ഇന്നും ആവർത്തിച്ചു. മുഖ്യമന്ത്രിയാകണമെന്നോ നിയമസഭയിൽ ഇരിക്കണമെന്നോ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് രജനീകാന്ത് വ്യക്തമാക്കി. പാർട്ടി പ്രസിഡന്റിന് ഭരണത്തിൽ ഇടപെടാനാകില്ലെന്നും രജനി പ്രഖ്യാപിച്ചു. പാർട്ടിയിൽ വേണ്ടത് യുവരക്തമാണെന്നും പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യതയും പ്രധാനമാണെന്നും രജനീകാന്ത് പറഞ്ഞു. 

വിരമിച്ച ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥർ രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് പറഞ്ഞ രജനി, തന്‍റെ പാർട്ടിയിൽ അറുപത് മുതൽ അറുപത്തിയഞ്ച് ശതമാനം വരെ യുവാക്കളായിരിക്കുമെന്ന് പ്രഖ്യാപിച്ചു. 

അണ്ണാഡിഎംകെയിലെയും ഡിഎംകെയിലെയും നേതാക്കളെ രജനീകാന്ത് അടർത്തിയെടുത്തേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്ന പ്രസ്താനവയും ഇന്നത്തെ വാർത്താ സമ്മേളനത്തിലുണ്ടായി. പ്രമുഖ പാർട്ടികളിൽ പ്രവർത്തികുന്ന അവസരം കിട്ടാത്ത മികച്ച നേതാക്കൾക്ക് തന്‍റെ പാർട്ടിയിൽ അവസരമുണ്ടാകുമെന്നാണ് രജനീകാന്ത് പറഞ്ഞത്. ജയലളിതയുടെയും കരുണാനിധിയുടെ വിടവ് നികത്തുമെന്നും രജനീകാന്ത് പറഞ്ഞത് ജയലളിതക്കൊപ്പമുണ്ടായിരുന്ന നേതാക്കൾ കൂടെ വരുമെന്നതിന്‍റെ സൂചനയാണെന്നും വിലയിരുത്തലുകളുണ്ട്. 

നീണ്ട ആലോചനകൾക്ക് ശേഷമാണ് തന്‍റെ രാഷ്ട്രീയ പ്രവേശനമെന്ന് പറഞ്ഞ രജനി ജനങ്ങൾക്ക് മാറ്റം അത്യാവശ്യമാണെന്ന് പറയുന്നു. എംജിആറിന്‍റെ രാഷ്ട്രീയ പാത പിന്തുടരുമെന്നാണ് രജനീകാന്തിന്‍റെ പ്രഖ്യാപനം. ശക്തമായ ആരാധക പിന്തുണ വോട്ടാകുമെന്ന കണക്കുകൂട്ടലിലാണ് രജനിയുടെ നീക്കങ്ങൾ. 

പാർട്ടിയുടെ നേതൃത്വ സ്ഥാനത്ത് ഒരു നേതാവ് അല്ല, പല നേതാക്കൾ ഉണ്ടാവുമെന്നാണ് രജനീകാന്ത് പറയുന്ന‍ത്. പാർട്ടിയും ഭരണവും രണ്ടായിരിക്കുമെന്ന് രജനീകാന്ത് ആവർത്തിക്കുകയുണ്ടായി. ഇപ്പോഴല്ലെങ്കിൽ മറ്റൊരവസരമില്ലെന്നും വിപ്ലവത്തിനുള്ള സമയമായി എന്നും പ്രസംഗിച്ച രജനി പക്ഷേ ഇത്തവണയും പാർട്ടി പ്രഖ്യാപനം നടത്തുകയോ എന്നാണ് പാർട്ടി പ്രഖ്യാപനം നടത്തുകയെന്നതിൽ വ്യക്തത വരുത്തുകയോ ചെയ്തില്ല.

2021ൽ നടക്കാൻ പോകുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ രജനീകാന്തിന്‍റെ പാർട്ടി മത്സരരംഗത്തുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.