ചെന്നൈ: നടന്‍ രജനീകാന്തിന്‍റെ പാര്‍ട്ടി പ്രഖ്യാപനം എന്നുണ്ടാകുമെന്ന് നാളെ അറിയാം.  പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച നിര്‍ണായക ചര്‍ച്ചയ്ക്കായി രജനീകാന്ത് ആരാധക കൂട്ടായ്മയുടെ യോഗം വീണ്ടും വിളിച്ചു. യോഗ ശേഷം പാര്‍ട്ടി പ്രഖ്യാപന തീയതിയും രാഷ്ട്രീയ അജണ്ടയും താരം മാധ്യമങ്ങളോട് വെളിപ്പെടുത്തും.

രജനീമക്കള്‍ മണ്ഡ്രത്തിലെ 36 ജില്ലാ സെക്രട്ടറിമാരോടും നാളെ അടിയന്തരമായി ചെന്നൈയിലെത്താനാണ് രജനീകാന്ത് നിര്‍ദേശിച്ചിരിക്കുന്നത്. സുപ്രധാന പ്രഖ്യാപനം യോഗത്തിനു ശേഷം ഉണ്ടാകുമെന്നാണ് രജനീകാന്തുമായി ബന്ധപ്പെട്ട രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പാര്‍ട്ടി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് വ്യക്തമായിക്കഴിഞ്ഞു. ആരാധക കൂട്ടായ്മയായ രജനീ മക്കള്‍ മണ്ഡ്രത്തെ വിപുലപ്പെടുത്തി രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കാനാണ് ഒരുങ്ങുന്നത്. ഒരാഴ്ച മുമ്പ് ചെന്നൈയില്‍ ചേര്‍ന്ന യോഗത്തില്‍, രജനീ മക്കള്‍ മണ്ഡ്രം ഭാരവാഹികള്‍ക്ക് പാര്‍ട്ടി സംഘടനാ ചുമതല നല്‍കുമെന്ന് താരം വ്യക്തമാക്കിയിരുന്നു. ഒരു വര്‍ഷമായി ഒഴിഞ്ഞ് കിടക്കുന്ന സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും നാളെ പ്രഖ്യാപനമുണ്ടാകും. 

പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന  വ്യാപക പര്യടനത്തിനാണ് രജനീകാന്ത് അണികള്‍ ഒരുങ്ങുന്നത്. ശക്തമായ ആരാധനാ പിന്‍ബലത്തിനൊപ്പം പുതുവോട്ടര്‍മാരെ കൂടി സ്വാധീനിച്ചാല്‍ നീക്കം വിജയമാകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.  നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയുമായി നേരിട്ട് സഖ്യമുണ്ടാവില്ല. കമല്‍ഹാസനൊപ്പമുള്ള സഖ്യതീരുമാനം സംബന്ധിച്ചും യോഗ ശേഷം രജനീകാന്ത് നിലപാട് വ്യക്തമാക്കും എന്നാണ് വിവരം.