ചെന്നൈ: മോദിയെയും അമിത് ഷായെയും പ്രകീര്‍ത്തിച്ചുള്ള രജനികാന്തിന്‍റെ പ്രസ്താവന വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെ വീണ്ടും ഇരുവരെയും പുകഴ്ത്തി താരം. രാജ്യതന്ത്രജ്ഞര്‍ എന്നാണ് രജനികാന്ത് മോദിയെയും അമിത് ഷായെയുംവിശേഷിപ്പിച്ചത്. നേരത്തേ  കൃഷ്ണനെന്നും അര്‍ജുനനെന്നുമാണ് ഇരുവരെയും രജനി വിശേഷിപ്പിച്ചത്. ഈ പുകഴ്ത്തല്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് വീണ്ടും രജനികാന്തിന്‍റെ മോദി അമിത് ഷാ പ്രശംസ. 

മോദിയും അമിത് ഷായും രാജ്യതന്ത്രജ്ഞരാണ്. ''ഒരാള്‍ പദ്ധതി നല്‍കുന്നു, മറ്റൊരാള്‍ നടപ്പിലാക്കുന്നു''  രജനികാന്ത് ബുധനാഴ്ച പറഞ്ഞു. കശ്മീര്‍ വിഷയം സംബന്ധിച്ചുള്ള പ്രസ്താവനക്കിടെയായിരുന്നു രജനിയുടെ മോദി - ഷാ പുകഴ്ത്തല്‍. കശ്മീര്‍ ഭീകരവാദികളുടെയും വര്‍ഗീയവാദികളുടെയും വീടായിരിക്കുകയാണ്. കശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത് രാജ്യതന്ത്രത്തിന്‍റെ ആദ്യപടിയാണെന്ന് രജനികാന്ത് പറഞ്ഞു. 

മോദിയും അമിത് ഷായും കൃഷ്ണനും അര്‍ജുനനും ആണെന്നും എന്നാല്‍ ഇവരില്‍ ആരാണ് കൃഷ്ണന്‍, ആരാണ് അര്‍ജുനന്‍ എന്ന് നമുക്കറിയില്ലെന്നും രജനി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. രജനികാന്ത് മഹാഭാരതം ഒന്നുകൂടി വായിക്കണമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ അളഗിരി പറഞ്ഞു. 

'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് മോദിയെയും അമിത് ഷായെയും കൃഷ്ണനും അര്‍ജുനനും എന്നാണ് തമിഴ്നാട്ടിലെ ഒരു ചലച്ചിത്ര താരം വിശേഷിപ്പിച്ചത്.  അങ്ങനെയാണെങ്കില്‍ ഈ സാഹചര്യത്തില്‍ പാണ്ഡവരും കൗരവരും ആരാണ്? ഈ രാജ്യത്ത് മറ്റൊരു മഹാഭാരതയുദ്ധമാണോ നിങ്ങള്‍ക്കാവശ്യം?'-  എന്നായിരുന്നു ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി ചോദിച്ചത്.