Asianet News MalayalamAsianet News Malayalam

'ഇത് വിശ്വാസത്തിന്റെ ഭാഗം': റഫാല്‍ വിമാനത്തിലെ പൂജയെ ന്യായീകരിച്ച് രാജ്നാഥ് സിംഗ്

എല്ലാത്തിനും മുകളിലായി ഒരു വന്‍ശക്തിയുണ്ടെന്നാണ് നമ്മുടെ വിശ്വാസമെന്നും ചെറുപ്പകാലം മുതല്‍ ആ ശക്തിയില്‍ വിശ്വസിക്കുന്നുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.

Rajnath Singh  reacts to the criticisms in the name of shastra puja
Author
New Delhi, First Published Oct 11, 2019, 10:58 AM IST

ദില്ലി: റഫാല്‍ വിമാനത്തില്‍ ശാസ്ത്ര പൂജ നടത്തിയതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇതാണ് നമ്മുടെ വിശ്വാസമെന്നും അതനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും രാജ്നാഥ് സിങ് പറഞ്ഞു. വ്യാഴാഴ്ച ഫ്രാന്‍സില്‍ നിന്നും ദില്ലിയില്‍ മടങ്ങിയെത്തിയപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. 

ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് പറയട്ടെ. എനിക്ക് ശരിയെന്ന് തോന്നിയതാണ് ചെയ്തത്. ഇനിയും അത് തുടരും. എല്ലാത്തിനും മുകളിലായി ഒരു വന്‍ശക്തിയുണ്ടെന്നാണ് നമ്മുടെ വിശ്വാസമെന്നും ചെറുപ്പകാലം മുതല്‍ താന്‍ ആ ശക്തിയില്‍ വിശ്വസിക്കുന്നുണ്ടെന്നും രാജ്നാഥ് സിങ് പറ‍ഞ്ഞു. എല്ലാവര്‍ക്കും അവരുടെ മതവിശ്വാസങ്ങള്‍ അനുസരിച്ച് പ്രാര്‍ത്ഥിക്കാനുള്ള അവകാശമുണ്ട്. ശാസ്ത്ര പൂജയ്ക്ക് പകരം മറ്റേതെങ്കിലും മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തിയിരുന്നെങ്കിലും തനിക്ക് എതിര്‍പ്പില്ലായിരുന്നെന്നും കോണ്‍ഗ്രസില്‍ തന്നെ ഈ വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങളാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ റഫാല്‍ വിമാനത്തില്‍ ശാസ്ത്ര പൂജ നടത്തിയ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങിനെ  കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. പുതിയ ട്രക്ക് വാങ്ങുമ്പോള്‍ കണ്ണുകിട്ടാതിരിക്കാന്‍ നാരങ്ങയും പച്ചമുളകും കെട്ടിത്തൂക്കുന്ന പോലെയാണിതെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ പരിഹസിച്ചിരുന്നു. ആയുധ പൂജ നടത്തിയ ശേഷമാണ് റഫാല്‍ യുദ്ധവിമാനം രാജ്നാഥ് സിങ് ഏറ്റുവാങ്ങിയത്. ഇന്ത്യന്‍ വായുസേനാ ദിനത്തിനൊപ്പം ദസറയും ഒത്തുചേര്‍ന്ന ചൊവ്വാഴ്ചയാണ് ഫ്രാന്‍സിലെ ദസോൾട്ട് എവിയേഷന്‍ നിര്‍മ്മിച്ച റഫാൽ വിമാനം ഇന്ത്യയ്ക്ക് കൈമാറിയത്. 

Follow Us:
Download App:
  • android
  • ios