''ആക്രമണം നടന്ന സ്ഥലം സന്ദർശിച്ച് അവിടെ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാൻ പൈലറ്റുമാർക്ക് സാധിക്കുമോ? എന്ത് നാടകമാണ് ഇവിടെ നടക്കുന്നത്? കോൺ​ഗ്രസിലെ എന്റെ സുഹൃത്തുക്കൾക്ക് കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് കൃത്യമായി അറിയണമെന്ന് നിർബന്ധമാണെങ്കിൽ പാകിസ്ഥാനിൽ പോയി പരിശോധിക്കാം.'' 

ബാലാകോട്ട്: പാകിസ്ഥാനിലെ ഭീകരക്യാംപിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തിൽ വിശദീകരണം തേടിയ കോൺ​ഗ്രസ് നീക്കത്തെ അപലപിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിം​ഗ്. കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് ചോദ്യമുന്നയിക്കുന്നവർ പാകിസ്ഥാനിലേക്ക് പോയി മരിച്ചവരുടെ കണക്ക് എടുക്കണമെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. ''ആക്രമണം നടന്ന സ്ഥലം സന്ദർശിച്ച് അവിടെ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാൻ പൈലറ്റുമാർക്ക് സാധിക്കുമോ? എന്ത് നാടകമാണ് ഇവിടെ നടക്കുന്നത്? കോൺ​ഗ്രസിലെ എന്റെ സുഹൃത്തുക്കൾക്ക് കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് കൃത്യമായി അറിയണമെന്ന് നിർബന്ധമാണെങ്കിൽ പാകിസ്ഥാനിൽ പോയി പരിശോധിക്കാം.'' ആസ്സാമിലെ ദുബ്രിയിൽ പൊതുപരിപാടിയിൽ പ്രസം​ഗിക്കവേ രാജ്നാഥ് സിം​ഗ് പറഞ്ഞു.

ബിജെപി ബാലാകോട്ട് ആക്രമണത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോ​ഗിക്കുന്നുവെന്ന ആരോപണവുമായി കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രം​ഗത്തുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തിൽ രാഷ്ട്രീയനേതാക്കളും അവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ബാലാകോട്ടിൽ ആക്രമണം നടക്കുന്ന ദിവസം മുന്നൂറ് മൊബൈൽ ഫോണുകൾ സജീവമായിരുന്നു എന്ന എൻടിആർഒ റിപ്പോർട്ടിനെയും സിം​ഗ് പരാമർശിച്ചു. 

വ്യക്തമായ ധാരണയോടെയാണ് അവർ റിപ്പോർട്ട് സമർപ്പിച്ചത്. അവിടെയുണ്ടായിരുന്ന മരങ്ങളാണോ മൊബൈൽ ഫോൺ ഉപയോ​ഗിച്ചതെന്നും രാജ്നാഥ് സിം​ഗ് ചോദിച്ചു. മുന്നൂറിനടുത്ത് ഭീകരർ കൊല്ലപ്പെട്ടു എന്നായിരുന്നു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തത്. എന്നാൽ 250 ഭീകരർ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ പറഞ്ഞത്.