തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് കടത്തുകേസിലെ മുഖ്യപ്രതി പിടിയിലായി. മൈസൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്തേക്ക് കടത്തിയ 500 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതി ആന്ധ്ര പ്രദേശിലെ രാജുഭായി മൈസൂർ പൊലീസിൻ്റെ പിടിയിലായത്. 

കഞ്ചാവ് കടത്താൻ ശ്രമിച്ചവരെ ഒളിവിൽ കഴിയാൻ സഹായിച്ചത് കണ്ണൂർ സിപിഎം ചീങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷും സഹോദരൻ സുബിത്തുമാണെന്ന് മൈസൂർ ഡിസിപി നേരത്തെ അറിയിച്ചിരുന്നു. ഇരുവരെയും നേരത്തെ മൈസൂർ പോലീസ് പിടികൂടി ഇവരിപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

രാജുഭായിയുടെ നേതൃത്വത്തിൽ വൻതോതിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിൽ ഗൂഢാലോചന കേസാണ് മൈസൂർ പോലീസ് അന്വേഷിക്കുന്നത്. ഇരുവരെയും അടക്കം 5 പേരെ ഈ കേസിൽ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ ജിതിനെ വരുന്ന ചൊവ്വാഴ്ച മൈസൂർ പോലീസ് എക്സൈസിന് ചോദ്യം ചെയ്യാൻ കൈമാറുന്നുണ്ട്.