ക്രോസ് വോട്ടിംഗ് ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് ഡി കെ ശിവകുമാർ

ബംഗളൂരു: കർണാടകയിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പോളിംഗ് ഏജന്‍റ് ഡി കെ ശിവകുമാർ. ക്രോസ് വോട്ടിംഗ് ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. വോട്ടെടുപ്പ് കർണാടക നിയമസഭയിൽ തുടങ്ങി.

കോൺഗ്രസ് ആത്മവിശ്വാസത്തിലാണ്. ഇന്നലെ മൂന്ന് സ്വതന്ത്ര എംഎൽഎമാരും കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുത്തു. നാല് രാജ്യസഭാ സീറ്റുകളാണ് കർണാടകയിലുള്ളത്. അഞ്ച് സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഓരോ സ്ഥാനാർഥിക്കും വിജയിക്കാൻ 45 വോട്ട് വീതം വേണം.

കോണ്‍ഗ്രസിന് അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജി സി ചന്ദ്രശേഖർ എന്നീ മൂന്ന് സ്ഥാനാർത്ഥികളാണ് കർണാടകയിലുള്ളത്. ബിജെപിക്ക് ഒരു സീറ്റ് ഇവിടെ ഉറപ്പായി ജയിക്കാൻ കഴിയും. എന്നാൽ ബിജെപി - ജെഡിഎസ് സഖ്യം രണ്ട് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. നാരായണ്‍സെ ഭണ്ഡാഗെ, കുപേന്ദ്ര റെഡ്ഡി എന്നിവരാണ് സ്ഥാനാർത്ഥികൾ.

നിലവില്‍ 135 സീറ്റാണ് കർണാടകയിൽ കോണ്‍ഗ്രസിനുള്ളത്. ഒരു എംഎല്‍എ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചതോടെ എംഎല്‍എമാരുടെ എണ്ണം 134 ആയി. നാല് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിക്കും എന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടൽ. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരുടെ ക്രോസ് വോട്ടിംഗ് സാധ്യത ബിജെപി - ജെഡിഎസ് സഖ്യം തേടുന്നുണ്ട്. ഇതൊഴിവാക്കാൻ ഇന്നലെ തന്നെ കോണ്‍ഗ്രസ് എംഎല്‍എമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയിരുന്നു. 

YouTube video player