തിങ്കളാഴ്ച  രാത്രിയാണ് സുഹൃത്തിനൊപ്പം സഞ്ചരിക്കവേ മാധുരി ഓടിച്ചിരുന്ന ബിഎംഡബ്യു കാർ നിയന്ത്രണം വിട്ട് പാതയോരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന സൂര്യ എന്ന യുവാവിന് മുകളിലൂടെ കയറുന്നത്.

ചെന്നൈ: നടപ്പാതയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിന് മുകളിലൂടെ ആഡംബര കാർ ഓടിച്ചുകയറ്റി, യുവാവ് മരിച്ച സംഭവത്തിൽ രാജ്യസഭാ എംപിയുടെ മകൾക്ക് ജാമ്യം. വൈഎസ്ആർ കോൺഗ്രസ് പാർട്ടി രാജ്യസഭാ എംപി ബീഡ മസ്താൻ റാവുവിന്റെ മകൾ മാധുരിക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സുഹൃത്തിനൊപ്പം സഞ്ചരിക്കവേ മാധുരി ഓടിച്ചിരുന്ന ബിഎംഡബ്യു കാർ നിയന്ത്രണം വിട്ട് പാതയോരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന സൂര്യ എന്ന യുവാവിന് മുകളിലൂടെ കയറുന്നത്. ബസന്ത് നഗറിലാണ് ദാരുണമായ അപകടം സംഭവിച്ചത്,

ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ വാഹനമോടിച്ചിരുന്ന മാധുരി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ആളുകൾ തടിച്ചുകൂടിയതോടെ മാധുരിയുടെ സുഹൃത്തും നാട്ടുകാരും തമ്മിൽ വാക്കുതർക്കമുണ്ടായി. എന്നാൽ ഈ യുവതിയും പിന്നീട് അവിടെ നിന്നും പോയി. ഓടിക്കൂടിയ ആളുകൾ സൂര്യയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 24 കാരനായ സൂര്യ പെയിന്‍റിംഗ് തൊഴിലാളിയാണ്. എട്ടു മാസങ്ങൾക്ക് മുൻപാണ് സൂര്യയുടെ വിവാഹം കഴിഞ്ഞത്.

സൂര്യയുടെ മരണത്തെ തുടർന്ന് പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. തുടർന്ന് പൊലീസെത്തി സിസിടിവി പരിശോധിച്ചപ്പോഴാണ് കാർ ബിഎംആർ ഗ്രൂപ്പിന്റെതാണെന്നും വാഹനമോടിച്ചിരുന്നത് ബീഡ മസ്താൻ റാവുവിന്റെ മകൾ മാധുരിയാണെന്നും തിരിച്ചറിയുന്നത്. പിന്നാലെ പൊലീസ് മാധുരിയെ അറസ്റ്റുചെയ്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു. തമിഴ്നാട്ടിൽ സീഫുഡ് വ്യവസായ മേഖലയിലെ പ്രമുഖരാണ് ബിഎംആർ ഗ്രൂപ്പ്.

Read More : ഒരു യുവതി വരുന്നുണ്ട്, സൂക്ഷിക്കണം; രഹസ്യ വിവരം കിട്ടി ആലുവയിൽ നിന്ന് പൊക്കി, ഹീറ്ററിനുള്ളിൽ 1 കിലോ എംഡിഎംഎ!