ദില്ലി: എട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാജസ്ഥാനില്‍ വിജയ പ്രതീക്ഷയുണ്ടെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഗുജറാത്തില്‍ എന്‍സിപി, ബിടിപി പിന്തുണയോടെ മൂന്നാം സീറ്റും പിടിക്കുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. എന്നാല്‍ മണിപ്പൂരില്‍ തിരിച്ചടി നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം.

ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, മണിപ്പൂര്‍.... അട്ടിമറി ഭീഷണിയുള്ള നാലു സംസ്ഥാനങ്ങളിലും റിസോർട്ടുകളിൽ നിന്നെത്തിയാണ്  കോണ്‍ഗ്രസിൻ്റേയും ബിജെപിയുടെയും എംഎൽഎമാർ വോട്ടു ചെയ്തത്. ഗുജറാത്തില്‍ മൂന്നാം സീറ്റ്  വിജയിക്കാന്‍ രണ്ടു വോട്ടിന്റെ കുറവുണ്ടായിരുന്ന ബിജെപി അവസാന നിമിഷം എന്‍സിപി, ബിടിപി എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാനാണ് ശ്രമം.  

ബിജെപി എംഎല്‍എ കേസരി സിങ്ങ് സോളങ്കിയെ ആശുപത്രിക്കിടക്കയില്‍ നിന്നെത്തിച്ച് ബിജെപി  വോട്ടു സുരക്ഷിതമാക്കി.  കമല്‍ നാഥിന്‍റെ വീട്ടിലെ പ്രഭാതഭക്ഷണത്തിനുശേഷമാണ് 92 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഭോപ്പാലിലെ നിയമസഭാ മന്ദിരത്തിലെത്തിയത്.  ബിജെപിയില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യയും സുമര്‍ സിങ്ങ് സോളങ്കിയും വിജയമുറപ്പിച്ച മധ്യപ്രദേശില്‍ ദിഗ്വിജയ് സിങ്ങിനെ ദില്ലിക്കയക്കാനാവുമെന്നാണ്  കോണ്‍ഗ്രസ് പ്രതീക്ഷ.  

കെ.സി.വേണുഗോപാല്‍ മത്സരിക്കുന്ന രാജസ്ഥാനില്‍ അട്ടിമറിയുടെ സൂചനയൊന്നുമില്ല. എല്ലാ കോൺഗ്രസ് എംഎൽഎമാരെയും വോട്ടു ചെയ്യാനെത്തിച്ചു. 9 പേര്‍ പിന്തുണ പിന്‍വലിച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട ബിരേന്‍  സിങ്ങ് സര്‍ക്കാരിന്‍റെ പ്രതിസന്ധി മുതലെടുക്കാന്‍ അജയ് മാക്കനെ പ്രത്യേക നിരീക്ഷകനായി മണിപ്പൂരിലേക്ക് അയച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇവിടെ ഒരു സീറ്റിലാണ് മത്സരം. 

ഝാര്‍ഖണ്ഡില്‍  ജെഎംഎമ്മിലെ ഷിബു സോറന് വിജയിക്കാനുള്ള ഭൂരിപക്ഷമുണ്ട്. രണ്ടാം സീറ്റില്‍ സ്വതന്ത്രരുടെ പിന്തുണയോടെ വിജയിക്കാമെന്നാണ് ബിജെപി  കണക്കൂട്ടല്‍.  ആന്ധ്രയില്‍ വൈഎസ്ആറും മേഘാലയയിൽ എംഡിഎയും മിസോറാമില്‍ എംഎന്‍എഫും വിജയം ഉറപ്പാക്കി. അട്ടിമറികളില്ലെങ്കില്‍ കോൺഗ്രസ് നാലും ബിജെപി എട്ടും സീറ്റ് നേടും എന്നാണ് കരുതപ്പെടുന്നത്.