ദില്ലി: കാർഷിക ബില്ല് പാസ്സാക്കിയ രീതിയിലും, എട്ട് എംപിമാരെ പുറത്താക്കിയ നടപടിയിലും പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്കരിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി സഭാ നടപടികൾ ബഹിഷ്കരിക്കുകയായിരുന്നു. കോൺ​ഗ്രസ് അം​ഗം ​ഗുലാം നബി ആസാദാണ് ഇക്കാര്യം സഭയിൽ അറിയിച്ചത്. അദ്ദേഹത്തെ പിന്തുണച്ച് സമാജ് വാദി പാർട്ടി, ഡിഎംകെ അം​ഗങ്ങളും നിലപാടറിയിച്ചു.

എം പിമാർക്കെതിരെയുള്ള നടപടി പിൻവലിക്കണമെന്ന് സമാജ് വാദി പാർട്ടി ആവശ്യപ്പെട്ടു. ഡിഎംകെയും സമാന ആവശ്യം ഉന്നയിച്ചു. എന്നാൽ, സസ്പെൻഷൻ നടപടി ഇതാദ്യമായിട്ടല്ല എന്നായിരുന്നു രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ മറുപടി. രാജ്യസഭ ഉപാദ്ധ്യക്ഷനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നടപടിക്രമം പാലിച്ചായിരുന്നില്ല എന്ന് വെങ്കയ്യനായിഡു പറഞ്ഞു. 13 തവണ രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രതിപക്ഷത്തോട് അഭ്യർത്ഥന നടത്തി. അത് അംഗീകരിക‌കാൻ പ്രതിപക്ഷം തയ്യാറായില്ല. പുറത്താക്കപ്പെട്ട അംഗങ്ങൾ അവരുടെ നടപടിയെ ഇപ്പോഴും ന്യായീകരിക്കുന്നു. പുറത്താക്കൽ  നടപടി പിൻവലിക്കാനാകില്ല. എം പിമാർ മാപ്പുപറഞ്ഞാൽ തീരുമാനം പിൻവലിക്കുന്നകാര്യം ആലോചിക്കാമെന്നും രാജ്യസഭ അദ്ധ്യക്ഷൻ വ്യക്തമാക്കി.

അതിനിടെ, താൻ നാളെവരെ നിരാഹാരമിരിക്കുമെന്ന് രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിം​ഗ് അറിയിച്ചു. പ്രതിപക്ഷ നടപടിയിൽ ആശങ്ക അറിയിച്ചാണ് തീരുമാനമെന്നും ഹരിവംശ് പറഞ്ഞു.

ഇതുപോലൊരു സാഹചര്യം സഭയിൽ കണ്ടിട്ടില്ലെന്ന് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ പറഞ്ഞു. ഉപാദ്ധ്യക്ഷന് നേരെ ആക്രമണമാണ് നടന്നത് പ്രഹ്ലാദ് ജോഷി അഭിപ്രായപ്പെട്ടു. 
 

updating...