'ലെറ്റ് കശ്മീര്‍ സ്പീക്ക്' കാംപയിന്റെ ഭാഗമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദില്ലിയിൽ നാളെ റാലി.
ദില്ലി: 'ലെറ്റ് കശ്മീര്‍ സ്പീക്ക്' കാംപയിന്റെ ഭാഗമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദില്ലിയിൽ നാളെ റാലി. എല്ലാ കശ്മീരി രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുക, ജമ്മു കശ്മീരിലെ മാധ്യമ നിയന്ത്രണങ്ങളും അടിച്ചമർത്തലും പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് റാലിയുടെ ഭാഗമായി പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. ഐടിഒ മെട്രോ സ്റ്റേഷന് സമീപമുള്ള ഗാന്ധി പീസ് ഫൗണ്ടേഷനിൽ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
നന്ദിത നരെയ്ൻ, മിർ ഷാഹിദ് സലീം, സഞ്ജയ് കാക്ക്, ഹസ്നൈൻ മസൂദി, എം വൈ തരിഗാമി, അനിൽ ചാമാദി എന്നിവര്‍ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ മോദി സർക്കാരിന്റെ അടിച്ചമർത്തൽ നയങ്ങൾക്കെതിരെയും സംസ്ഥാന സര്‍ക്കാര്‍ അടിച്ചമർത്തലുകൾക്കെതിരെയുമാണ് കാംപെയിൻ എന്നാണ് പ്രചാരണം.
അതേസമയം, റാലിക്ക് പാക് ബന്ധമുള്ള ഓപ്പറേഷൻ കാശ്മീർ, ഖലിസ്ഥാൻ ഗ്രൂപ്പായ കെ2 കാമ്പെയ്‌ന് സോഷ്യൽ മീഡിയയിൽ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഖലിസ്ഥാൻ വാദികളും റാലിയിൽ പങ്കെടുക്കുമെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ നിയമവിരുദ്ധമായി പിടിച്ചെടുത്ത കശ്മീരിലെ എല്ലാ അടിച്ചമര്‍ത്തലുകൾക്കും എതിരെയാണ് റാലിയെന്നും പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
