അയോധ്യ ക്ഷേത്രക്കൊള്ള വിവാദം കത്തി നില്‍ക്കെ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്‍റെ നിര്‍ണ്ണായക യോഗം ഇന്ന്

ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ള വിവാദം കത്തി നില്‍ക്കെ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്‍റെ നിര്‍ണ്ണായക യോഗം ഇന്ന്. അയോധ്യയില്‍ മൂന്ന് മണിക്ക് നടക്കുന്ന യോഗം ചമ്പത് റായിയുടേതടക്കം രാജി അംഗീകരിക്കും. രാജിവച്ച പദവികളേക്ക് ആരെന്നോ, സിഇഒ പോസ്റ്റിലേക്ക് ആരെനിയമിക്കുമെന്നോ വ്യക്തമല്ല. ഇന്നത്തെ യോഗത്തില്‍ ചമ്പത് റായി പങ്കെടുത്തേക്കില്ല. അതേസമയം, അയോധ്യ ക്ഷേത്രക്കൊള്ളയില്‍ വിശ്വ ഹിന്ദു പരിഷത്ത് ഉപാധ്യക്ഷന്‍ ചമ്പത് റായിക്ക് കുരുക്ക് കൂടുതല്‍ മുറുക്കിയിരിക്കുകയാണ് മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ പരാതി. 5 കോടി വിലമതിക്കുന്ന സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രാമചരിത മാനസം ചമ്പത് റായിയുടെ അറിവോടെ വഴിപാടായി നല്‍കിയെന്നും ഇപ്പോള്‍ ഒരു വിവരവുമില്ലെന്നും മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ് ലക്ഷ്മി നാരായണന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇത്തരം ശക്തമായ മൊഴികളുണ്ടെങ്കിലും ചമ്പത് റായിയടക്കം ട്രസ്റ്റ് ഭാരവാഹികള്‍ക്കെതിരെ ഇനിയും കേസെടുത്തിട്ടില്ല. പ്രധാന പ്രതികളായ ടിന്നു യാദവിന്‍റെയും അവനാശ് ശുക്ലയുടെയും ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയാക്കിയ ഫോണുകളില്‍ നിന്നും ചമ്പത് റായിയുടേയും ട്രസ്റ്റ് ഭാരവാഹികളുടേയും ഇടപെടല്‍ വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. ട്രസ്റ്റ് ഭാരവാഹികള്‍ നടത്തിയ ഭൂമി ഇടപാടുകളിലും ക്രമക്കേടുണ്ട്. തര്‍ക്കം നടക്കുന്ന ഭൂമി പോലും കോടികള്‍ മുടക്കി വാങ്ങിയെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. വിവാദം കത്തി നില്‍ക്കേ ക്ഷേത്ര ട്രസ്റ്റിന്‍റെ നി‍ർണായക യോഗം നാളെ അയോധ്യയില്‍ നടക്കും. ചമ്പത് റായി യോ​ഗത്തിൽ പങ്കെടുത്തേക്കില്ല. അതേസമയം, ആരോപണ ഉന്നയിച്ച പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജരിവാൾ എന്നിവരടക്കമുള്ള നേതാക്കളോട് തെളിവ് ചോദിക്കണമെന്നാവശ്യപ്പെട്ടാണ് വിഎച്ച് പി അധ്യക്ഷന്‍ അലോക് കുമാര്‍ അയോധ്യ ഡിഎസ്പിക്ക് കത്ത് നല്‍കിയത്. തെളിവില്ലാതെ നേതാക്കള്‍ സംസാരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം അപലപിച്ചതിന് പിന്നാലെയാണ് നീക്കം. വിവാദത്തോട് പ്രതികരിക്കാന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് തയ്യാറായില്ല.

YouTube video player