കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും. രാജി പിൻവലിച്ചെന്ന് കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു.
ബെംഗളൂരു: കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും. രാജി പിൻവലിച്ചെന്ന് കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. രാജി വെച്ചത് ചില തെറ്റിദ്ധാരണകളുടെ പുറത്താണെന്നും രാമലിംഗ റെഡ്ഡി പാർട്ടിയുടെ സ്വത്ത് ആണെന്നും അദ്ദേഹം പറഞ്ഞു.
രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയും കോൺഗ്രസ് ഹൈക്കമാൻഡും നടത്തിയ നീക്കങ്ങൾ ഒടുവിൽ ഫലം കണ്ടിരിക്കുകയാണ്. ആഗ്രഹിച്ച വകുപ്പ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ആണ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചത്. ഇന്നലെ ബെംഗളൂരുവിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധിയുമായി ഡികെയും സിദ്ധരാമയ്യയും വിഷയം ചർച്ച ചെയ്തിരുന്നു. സംസാരിച്ച് പ്രശ്നം പരിഹരിക്കാനായിരുന്നു രാഹുൽ നൽകിയ നിർദേശം. പരിഹാരമുണ്ടാകാത്ത പക്ഷം രാജി സ്വീകരിക്കണമെന്നും രാഹുൽ നിലപാടെടുത്തു. ഇതിനുപിന്നാലെയാണ് ഇന്ന് രാവിലെ കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല രാമലിംഗ റെഡ്ഡിയുമായി ചർച്ച നടത്തിയത്.
ബെംഗളൂരു നഗരത്തിന്റെ ചുമതലയുള്ള 'ബെംഗളൂരു വികസന വകുപ്പ്' തനിക്ക് ലഭിക്കുമെന്നാണ് രാമലിംഗ റെഡ്ഡി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ വകുപ്പ് അദ്ദേഹത്തിന് കിട്ടിയില്ല. പകരം അദ്ദേഹത്തിന് 'വലിയ-ഇടത്തരം ജലസേചന വകുപ്പ്' ആണ് അനുവദിച്ചത്. ഈ അതൃപ്തിയെ തുടർന്നാണ് രാമലിംഗ റെഡ്ഡി രാജിവെച്ചത്. ബെംഗളൂരു വികസന വകുപ്പ് അല്ലാതെ മറ്റൊരു വകുപ്പും സ്വീകരിക്കാൻ തനിക്ക് താല്പര്യമില്ലെന്ന് എട്ടുതവണ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം വ്യക്തമാക്കിയത്.

