ഖരഗ്പൂര്‍: രാമസേതു നിര്‍മിച്ചത് ഇന്ത്യയിലെ എന്‍ജിനിയര്‍മാരെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷ സംസ്കൃതമാണെന്നും മന്ത്രി പറഞ്ഞു. രാമസേതുവിനെ കുറിച്ചും സംസ്കൃതത്തെ കുറിച്ചും ഗവേഷണം നടത്തണമെന്നും എന്‍ജിനിയര്‍മാരോട് മന്ത്രി ആവശ്യപ്പെട്ടു.

ഈ രാജ്യം സാങ്കേതികവിദ്യയില്‍ എത്ര പുരോഗമിച്ചിരുന്നതായിരുന്നുവെന്ന് നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടോയെന്ന ചോദ്യം ഖരഗ്പൂര്‍ ഐഐടിയുടെ 65-ാമത് ബിരുദദാന ചടങ്ങിലാണ് മന്ത്രി ഉന്നയിച്ചത്. രാമസേതുവിനെ കുറിച്ച് പറഞ്ഞാല്‍ അത് അമേരിക്ക, ബ്രിട്ടണ്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ എന്‍ജിനിയര്‍മാരാണോ നിര്‍മിച്ചത്?

ലോകത്തെ വിസ്മയിപ്പിച്ച രാമസേതു നിര്‍മിച്ചത് ഇന്ത്യയിലെ എന്‍ജിനിയര്‍മാരാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടയില്‍ രാമസേതുവിനെ കുറിച്ചുള്ള തന്‍റെ പരാമര്‍ശങ്ങള്‍ ശരിയാണോയെന്നും മന്ത്രി സദസിനോട് ചോദിച്ചു.

എന്നാല്‍, മന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ ആരും തയാറായില്ല. നേരത്തെ, സര്‍ ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയിലെ വേദങ്ങള്‍ അതേകുറിച്ച് പരാമര്‍ശിച്ചിരുന്നുവെന്നുള്ള രമേഷ് പൊക്രിയാലിന്‍റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു.