ദില്ലി: കേന്ദ്ര ഭക്ഷ്യ, ഉപഭോക്തൃമന്ത്രിയും ലോക് ജനശക്തി പാർട്ടി അധ്യക്ഷനുമായ രാംവിലാസ് പസ്വാൻ രാജ്യസഭയിലേക്ക് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കും. പട്‍നയിൽ നിന്നാകും പസ്വാൻ മത്സരിക്കുക. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ജയിച്ച് ലോക്സഭയിലെത്തിയ ഒഴിവിലേക്കാവും പസ്വാൻ മത്സരിക്കുക. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാംവിലാസ് പസ്വാൻ മത്സരിച്ചിരുന്നില്ല. 

ബിജെപിയിൽ നിന്ന് മറുപാളയത്തിലെത്തിയ ശത്രുഘൻ സിൻഹയെ പട്‍നാ സാഹിബ് മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിന് തോൽപിച്ചാണ് രവിശങ്കർ പ്രസാദ് ലോക്സഭയിലെത്തിയത്. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കുന്നതിന് മുമ്പ് രാജ്യസഭയിൽ ഒരു വർഷവും ആറ് മാസവുമുള്ള കാലാവധി രവിശങ്കർ പ്രസാദ് പൂർത്തിയാക്കിയിട്ടുണ്ട്. അതിനാൽ ഇനി മൂന്ന് വർഷവും നാല് മാസവും മാത്രമേ രാംവിലാസ് പസ്വാന് കാലാവധിയുണ്ടാകൂ. 

രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സുപ്രധാന ബില്ലുകൾ പാസ്സാക്കാൻ അവിടെ അംഗബലം കൂട്ടേണ്ടതുണ്ട്. അതിനാലാണ് ആന്ധ്രാപ്രദേശിലെ ടിഡിപിയുടെ നാല് എംപിമാരെ സ്വന്തം പാളയത്തിലേക്ക് ബിജെപി എത്തിച്ചത്. അസമിൽ നിന്ന് ഒഴിവു വരുന്ന രണ്ട് സീറ്റുകളിൽ ഒന്ന് എൽജെപിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബിഹാറിലെ എൻഡിഎ സഖ്യകക്ഷിയായിരുന്ന പസ്വാൻ. ഇതിനിടയിലാണ് രവിശങ്കർ പ്രസാദിന്‍റെ സീറ്റ് പസ്വാന് നൽകുന്നത്. പ്രധാനപ്പെട്ട കാബിനറ്റ് പദവിക്ക് പിന്നാലെ രാഷ്ട്രീയ കാര്യസമിതിയിലും, പാർലമെന്‍ററി കാര്യസമിതിയിലും പസ്വാന് ഇടം നൽകിയിട്ടുമുണ്ട് ബിജെപി. 

അസമിലെ ഒരു രാജ്യസഭാ സീറ്റ് സ്വന്തം സഖ്യകക്ഷിയായ കാമാഖ്യ പ്രസാദ് താസയ്ക്ക് ബിജെപി നൽകി. രണ്ടാമത്തെ സീറ്റ്, മറ്റൊരു സഖ്യകക്ഷിയായ അസം ഗണപരിഷദിനും നൽകി. 

പാർലമെന്‍റിന്‍റെ ആദ്യസമ്മേളനത്തിൽത്തന്നെ പസ്വാനെ തെരഞ്ഞെടുക്കുമെന്ന് ഉറപ്പാക്കാനാണ് ബിജെപിയുടെ നീക്കം. കയ്യിലുള്ള ഒരു സീറ്റ് ഒഴിഞ്ഞു കിടക്കാൻ പാടില്ലെന്ന് ബിജെപിക്ക് നിർബന്ധമുണ്ട്. സുപ്രധാന ബില്ലുകൾ പരിഗണനയ്ക്ക് വരുന്നതിനാൽ പ്രത്യേകിച്ചും.