ദില്ലി: നരേന്ദമോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് 360 സൈനികർ മാവോയിസ്റ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടുവെന്ന് കോൺ​ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. ട്വിറ്ററിലൂടെയാണ് സുര്‍ജേവാല മോദിക്കെതിരെ വിമർശനമുന്നയിച്ചത്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു സുര്‍ജേവാലയുടെ ട്വീറ്റ്.

ഗഡ്ചിറോളിയില്‍ മാവോയിസ്റ്റ് ആക്രമണത്തിൽ അപലപിക്കുന്നുവെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും സുർജേവാല ട്വീറ്റ് ചെയ്തു. അതേസമയം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കൊണ്ട് എന്‍സിപി രം​ഗത്തെത്തിയിരുന്നു. ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ രാജി വയ്ക്കണമെന്നും എൻസിപി അധ്യക്ഷൻ ശരത് പവാർ ആവശ്യപ്പെട്ടു. 

സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐഇഡി സ്ഫോടനത്തിൽ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ തകർത്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരയായത്. സ്ഫോടനത്തിൽ സൈന്യം സഞ്ചരിച്ച വാഹനം പൂർണ്ണമായും തകർന്നു.