ദില്ലി: രാഹുല്‍ഗാന്ധിയുടെ അസാന്നിധ്യം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ക്ഷീണമാകില്ലെന്ന് എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. തെരഞ്ഞെടുപ്പ് പ്രചാരണമടക്കം പാര്‍ട്ടി പരിപാടികളുടെ നിയന്ത്രണം ഇപ്പോഴും രാഹുല്‍ഗാന്ധിയില്‍ തന്നെയാണെന്നും ഹരിയാന ഖേത്തലിലെ സ്ഥാനാര്‍ത്ഥി കൂടിയായ രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കി. പാര്‍ട്ടിക്ക് പുറത്തുപോയ അശോക് തന്‍വറിനെ തിരികെ കൊണ്ടുവരണമോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും സുര്‍ജേവാല ഖേതലില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഇനിയും രാഹുല്‍ഗാന്ധി കടന്നുവന്നിട്ടില്ല. ദുര്‍ബലമായ കോണ്‍ഗ്രസ് ക്യാമ്പിനെ ഉണര്‍ത്താന്‍ കേന്ദ്ര നേതൃത്വം ശ്രമിക്കുന്നുമില്ല. ഖേതലില്‍ മൂന്നാംഘട്ട പ്രചാരണത്തിലേക്ക് കടക്കുന്ന സുര്‍ജേവാലക്കൊപ്പം നീങ്ങാന്‍ ദേശീയ നേതാക്കളാരുമില്ല. രാഹുല്‍ഗാന്ധിയുടെ നിസഹകരണം വലിയ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് സുര്‍ജേവാലയുടെ പ്രതികരണം.

മുന്‍ പിസിസി അധ്യക്ഷന്‍ അശോക് തന്‍വര്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് പുറത്തേക്ക് പോയത് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ കൂടുതല്‍ തളര്‍ത്തി. ഖേതലിലേതടക്കമുള്ള പിന്നാക്ക മേഖലകളില്‍ തന്‍വറിന് സ്വാധീനമുണ്ട്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നല്‍കി  ജാട്ട് വിഭാഗത്തോട് ബിജെപി അടുക്കുകയുമാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ തവണത്തേതുപോലെ ഈസി വാക്കോവര്‍ സാധ്യമാകുമോയെന്ന ആശങ്ക സുര്‍ജേവാല ക്യാമ്പിലുണ്ട്. 2005ല്‍ 5012 വോട്ടുകളുടെ മേല്‍ക്കൈയുണ്ടായിരുന്ന സുര്‍ജേവാലക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 23675 വോട്ടുകളുടെ ഭൂരിപക്ഷമാണ് കിട്ടിയത്. ബിജെപിയെ കൂടാതെ ലോക്ദളില്‍ നിന്ന് പിളര്‍ന്ന ജെജപിയും ഖേതലില്‍ കടുത്ത മത്സരം കാഴ്ച വയ്ക്കുന്നുണ്ട്.