Asianet News MalayalamAsianet News Malayalam

ബലാത്സംഗശ്രമത്തിന് ഇരയുടെ വസ്ത്രങ്ങൾ ആറുമാസത്തേക്ക് സൗജന്യമായി അലക്കി ഇസ്തിരിയിട്ടു നൽകാൻ വിധിച്ച് കോടതി

തെറ്റിനുള്ള പ്രായശ്ചിത്തമായി ധോബി എന്ന നിലയ്ക്ക് സമൂഹത്തിനു ഗുണം ചെയ്യുന്ന എന്തിനും തന്റെ കക്ഷി തയ്യാറാണ് എന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചപ്പോഴാണ് ജഡ്ജ് അവിനാശ് കുമാർ അഭൂതപൂർവമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

rape accused asked to wash victims clothes for 6 months as punishment
Author
Bihar, First Published Sep 24, 2021, 11:53 AM IST

ബിഹാർ:  ബലാത്സംഗ കേസിൽ(rape attempt) വിചിത്രമായ വിധി പ്രസ്താവം നടത്തി ബിഹാറിലെ മധുബനി കോടതി. സ്വന്തം ഗ്രാമത്തിലെ ഒരു യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു എന്ന കേസിൽ കുറ്റാരോപിതനായ യുവാവിന് ജാമ്യം നൽകിക്കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. ഈ ജാമ്യത്തിലെ ഒരു വ്യവസ്ഥയാണ് വിവാദമായിരിക്കുന്നത്. അടുത്ത ആറുമാസക്കാത്താലത്തേക്ക്, അയാൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവതി അടക്കമുള്ള  ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും തുണികൾ സൗജന്യമായി അലക്കിത്തേച്ച് നല്കിക്കൊള്ളാം എന്ന ഉറപ്പിന്മേലാണ്  അലക്കുകാരനായ യുവാവിന് മധുബനി കോടതി ജാമ്യം അനുവദിച്ചത്. 

ഝാൻ‌ഝർപൂർ അഡീഷണൽ ഡിസ്ട്രിക്ട്  ജഡ്ജ് അവിനാശ് കുമാർ ആണ് ഈ വിചിത്ര ഉത്തരവ് പുറപ്പെടുവിച്ച് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.  ലാലൻ കുമാർ സാഫി എന്ന തന്റെ കക്ഷി ഇരുപതുവയസ്സു മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരനാണ് എന്നും ഇത്തവണത്തേക്ക് ക്ഷമിക്കണം എന്നും കുറ്റാരോപിതന്റെ അഭിഭാഷകൻ കോടതിയോട് അപേക്ഷിച്ചു. ചെയ്തുപോയ തെറ്റിനുള്ള പ്രായശ്ചിത്തമായി ധോബി എന്ന നിലയ്ക്ക് സമൂഹത്തിനു ഗുണം ചെയ്യുന്ന എന്തിനും തന്റെ കക്ഷി തയ്യാറാണ് എന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചപ്പോഴാണ് ജഡ്ജ് അവിനാശ് കുമാർ അഭൂതപൂർവമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ആറുമാസത്തേക്ക് സൗജന്യമായി തുണിയലക്കുന്നതിനു പുറമെ പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യവും പ്രതി കോടതിയിൽ കെട്ടിവെക്കേണ്ടതുണ്ട്. ആറുമാസം സൗജന്യ സേവനം നടത്തിയ ശേഷം കോടതിയിൽ ഗ്രാമമുഖ്യന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നും കോടതി വിധിച്ചിട്ടുണ്ട്. ഇതിനു മുമ്പും ഇത്തരത്തിലുള്ള വിചിത്ര വിധികൾ പുറപ്പെടുവിച്ച്  ജഡ്ജ് അവിനാശ് കുമാർ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.

 

Read More : 

ജഡ്‌ജി മരിച്ചത് ഓട്ടോ ഇടിച്ചു തന്നെ, കൊന്നത് കൽക്കരി മാഫിയയോ?
Follow Us:
Download App:
  • android
  • ios