Asianet News MalayalamAsianet News Malayalam

ചിന്മയാനന്ദിനെതിരെ പരാതി നൽകിയ പെൺകുട്ടിക്കെതിരെ കേസ്: സുഹൃത്തുക്കൾ അറസ്റ്റിൽ

കേസിൽ ആരോപണ വിധേയനായ സ്വാമി ചിന്മയാനന്ദിനെതിരെ ബലാത്സംഗ കുറ്റം ഇനിയും ചുമത്തിയിട്ടില്ല

rape case not charged against Chinmayanand victim booked for extortion
Author
Shahjahanpur, First Published Sep 21, 2019, 9:45 AM IST

ലഖ്‌നൗ: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ പെൺകുട്ടിക്കെതിരെ പിടിച്ചുപറിക്കുറ്റം ചുമത്തി. കേസില്‍ ഇവരുടെ സുഹൃത്തുക്കളെന്ന് പറയപ്പെടുന്ന മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വാമി ചിന്മയാനന്ദിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിലാണ് കേസെടുത്തിരിക്കുന്നത്.

ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെ 14 ദിവസത്തേക്ക് ജ്യുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഷാജഹാൻപൂരിലെ നിയമ വിദ്യാർത്ഥിനിയാണ് പരാതിക്കാരി. ചിന്മയാനന്ദിനെ ഷാജഹാൻപൂർ ജയിലേക്ക് മാറ്റി. എന്നാൽ ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ലെന്നാണ് സൂചന. പകരം, ലൈംഗിക അതിക്രമത്തിനാണ് ചിന്മയാനന്ദിനെതിരെ കേസെടുത്തിരിക്കുന്നത്. 

സഞ്ജയ് സിംഗ്, സച്ചിൻ സെംഗാർ, വിക്രം എന്ന് പേരായ മൂന്ന് യുവാക്കളാണ് ചിന്മയാനന്ദ് സമർപ്പിച്ച പിടിച്ചുപറി കേസിൽ അറസ്റ്റിലായത്. ഈ കേസിൽ നാലാം പ്രതിയാണ് പരാതിക്കാരി. ഈ കേസിൽ പെൺകുട്ടിക്കെതിരെ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കഴിഞ്ഞ മാസമാണ് ഷാജഹാൻപൂരിലെ നിയമ വിദ്യാ‍ർത്ഥിനിയായ പെൺകുട്ടി സ്വാമി ചിന്മായനന്ദിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ചത്. തുടർന്ന് കാണാതായ പെൺകുട്ടിയെ രാജസ്ഥാനിൽ നിന്ന് കണ്ടെത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തോട് ചിന്മായനന്ദ് ഒരു വ‍ർഷത്തോളം തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. 

സംസ്ഥാനത്തെ കരുത്തരായ നേതാക്കളിൽ ഒരാളായ ചിന്മയാനന്ദിനെ യുപി പൊലീസ് തൊടുന്നില്ലെന്ന ആരോപണങ്ങൾ വ്യാപകമായിരുന്നു. ബലാത്സംഗപരാതി നൽകിയ പെൺകുട്ടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത അന്വേഷണ സംഘം, പരാതി കിട്ടി രണ്ടാഴ്ചയോളം ചിന്മയാനന്ദിനെ ഒന്ന് വിളിച്ച് വരുത്തുക പോലും ചെയ്തില്ല. 73 വയസ്സുള്ള ചിന്മയാനന്ദിന് ഉത്തർപ്രദേശിലെമ്പാടും ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. അടൽ ബിഹാരി വാജ്‍പേയി സർക്കാരിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു ചിന്മയാനന്ദ്. ഈ മാസം 13-ന് ചിന്മയാനന്ദിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ രാത്രി ഒരു മണി വരെ നീണ്ടു.

ചിന്മയാനന്ദ് നടത്തുന്ന നിയമവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നും ഒരു വർഷത്തോളം പീഡനം തുടർന്നെന്നുമാണ് കേസ്. ലോ കോളേജിൽ അഡ്മിഷൻ തന്നതിന് പ്രത്യുപകാരം വേണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടിയെ ചിന്മയാനന്ദ് ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടിയുടെ പരാതിയിലുണ്ട്.

ഹോസ്റ്റലിൽ പെൺകുട്ടി കുളിക്കുന്നതിന്‍റെ വീഡിയോ എടുപ്പിച്ച ചിന്മയാനന്ദ് അതുപറഞ്ഞാണ് ഭീഷണി തുടങ്ങിയത്. ചിന്മയാനന്ദിന്‍റെ അനുയായികൾ തോക്കുമായി വന്ന് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോകുമായിരുന്നു. തന്നെ ചിന്മയാനന്ദ് ഉപദ്രവിക്കുന്നതിന്‍റെ തെളിവുകളുണ്ടെന്നും പെൺകുട്ടി പറഞ്ഞിരുന്നു. കണ്ണടയിൽ ചെറിയ സ്പൈ ക്യാമറ ഘടിപ്പിച്ച് റെക്കോഡ് ചെയ്ത ദൃശ്യങ്ങളും പെൺകുട്ടി പൊലീസിന് നൽകിയിട്ടുണ്ട്. അന്വേഷണവുമായി പൂർണമായി ചിന്മയാനന്ദ് സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios