എലൂരു: ആന്ധ്രാപ്രദേശിൽ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹത്തിന്റെ കണ്ണുകൾ എലി കരണ്ട നിലയിൽ കണ്ടെത്തി. എലൂരു സർക്കാർ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹത്തിന്റെ കണ്ണുകളാണ് പാതി കരണ്ട നിലയിൽ കണ്ടെത്തിയത്. ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് മന്ത്രി അല്ലാ കാലി കൃഷ്ണ ശ്രീനിവാസിന്റെ മണ്ഡലത്തിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നതെന്ന്.

എലൂരു ജില്ലയിലെ ലിംഗ പാളയം സ്വദേശിയും കോണ്‍ട്രാക്ടറുമായ ടി വൈകുണ്ഠ വാസു എന്നയാളുടെ മൃതദേഹമാണ് എലി കരണ്ടത്. ചൊവ്വാഴ്ച രാത്രി ട്രാക്ടർ ഇടിച്ചുണ്ടായ അപകടത്തിൽ ഇയാൾ തൽക്ഷണം മരിക്കുകായിരുന്നു. തുടർന്ന് ഇയാളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അന്നേദിവസം രാത്രി തന്നെ എലൂർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ദെൻഡുലുരു മണ്ഡലത്തിലെ ജോ​ഗ്​ഗന്നപാലത്തിൽവച്ചായിരുന്നു അപകടം നടന്നത്.

ഇതിനിടെ, ബുധനാഴ്ച മൃതദേ​ഹം സന്ദർശിക്കാനെത്തിയ ബന്ധുക്കളാണ് കണ്ണുകൾ എലി കരണ്ടനിലയിൽ കണ്ടെത്തിയത്. കൃഷ്‌ണമണിയും കണ്‍പോളയും പാതി കരണ്ട നിലയിലായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. സംഭവം വിവാദമായതോടെ ഉടൻ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്ത് ആശുപത്രി അധികൃതർ പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു. എന്നാൽ, സംഭവം കുടുംബാ​ഗംങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ബന്ധുക്കൾ പരാതിപ്പെട്ടതോടെ സംഭവം പുറംലോകമറിയുകയും ചെയ്തു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത ഏജന്‍സി വേണ്ട വിധം പ്രവര്‍ത്തിക്കാത്തതാണ് മോര്‍ച്ചറിയില്‍ എലി പെരുകാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഏജന്‍സിയ്‌ക്കെതിരെ മെമ്മോ അയച്ചിട്ടുണ്ട്. മോർച്ചറി ജീവനക്കാർ‌ക്കെതിരെ നടപടിയെടുക്കാൻ ഹെൽത്ത് സർവീസസ് ജില്ലാ കോർഡിനേറ്റർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് എ എസ് റാം വ്യക്തമാക്കി.