ദില്ലി: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ ബന്ധുവായ രതുല്‍ പുരി അമേരിക്കയിലെ നൈറ്റ് ക്ലബില്‍ ഒറ്റ രാത്രി ചെലവാക്കിയത് 10.1 ലക്ഷം ഡോളറെന്ന്(7.18 കോടി രൂപ) എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രത്തില്‍ വ്യക്തമാക്കി. ആര്‍ഭാടമായ ജീവിതമാണ് രതുല്‍പുരി നയിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രതുല്‍പുരിയെ അറസ്റ്റ് ചെയ്തിരുന്നു. രതുല്‍ പുരി എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന മോസര്‍ ബിയര്‍ ഇന്ത്യയുടെ പേരും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. 

രതുല്‍പുരിയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തിന്‍റെ ആര്‍ഭാട ജീവിതം മനസ്സിലായത്. അമേരിക്കയിലെ നൈറ്റ് ക്ലബില്‍ രതുല്‍ പുരി ഒരു രാത്രി ചെലവാക്കിയത് 11 ലക്ഷം ഡോളറാണ്. 2011 നവംബര്‍ മുതല്‍ 2016 ഒക്ടോബര്‍ വരെ 45 ലക്ഷം ഡോളറാണ് അദ്ദേഹം വ്യക്തിപരമായി  ചെലവാക്കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

8000 കോടിയുടെ സാമ്പത്തിക തട്ടിപ്പാണ് രതുല്‍പുരിക്കെതിരെ കണ്ടെത്തിയത്. അഗസ്റ്റ വെസ്റ്റ്ലന്‍ഡ് ചോപ്പര്‍ അഴിമതിക്കേസിലും രതുല്‍ പുരി പ്രതിചേര്‍ക്കപ്പെട്ടിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഓഗസ്റ്റ് 20നാണ് രതുല്‍പുരി അറസ്റ്റിലാകുന്നത്. രതുല്‍പുരി ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.