ദില്ലി: ദില്ലി ഹൈക്കോടതി ജസ്റ്റിസ് എസ് മുരളീധറിന്‍റെ സ്ഥലം മാറ്റത്തില്‍ വിശദീകരണവുമായി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ജസ്റ്റിസ്. മുരളീധറിന്‍റെ സമ്മതം നേടിയ ശേഷമാണ് സ്ഥലം മാറ്റമെന്ന് രവിശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ കുറിച്ചു. സ്വാഭാവിക നടപടി മാത്രമാണിത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളിജിയം ശുപാര്‍ശയിലാണ് നടപടി. ഒരു സാധാരണ ട്രാന്‍സ്ഫറിനെ രാഷ്ട്രീയവത്ക്കരിക്കുന്ന കോണ്‍ഗ്രസ് വ്യത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. ജനങ്ങള്‍ നിരാകരിച്ച പാര്‍ട്ടിയാണത് മന്ത്രി ട്വിറ്ററില്‍ കുറിച്ചു.  

 

ദില്ലി ഹൈക്കോടതിയില്‍ ജഡ്ജിയായ മുരളീധര്‍ ദില്ലി കലാപത്തില്‍ ബിജെപി നേതാക്കളുടെ പങ്കിനെക്കുറിച്ച് ഇന്നലെ ആഞ്ഞടിച്ചിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെിരെ കേസെടുക്കുന്ന കാര്യം ഉടൻ തീരുമാനിക്കണമെന്നും  മുരളിധര്‍ അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടു. എല്ലാ വിദ്വേഷ പ്രസംഗങ്ങളിലും ഉടൻ തീരുമാനമെടുക്കണം. ഇരകളുടെ കുടുംബവുമായി സംസാരിക്കാനും സ്ഥിതി നിരീക്ഷിക്കാനും അഡ്വ സുബൈദ ബീഗത്തെ കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചു.  ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പഞ്ചാബ്-ഹരിയാന കോടതിയിലേക്ക് സ്ഥലം മാറ്റിയത്. 

എസ് മുരളീധറിനെ അർദ്ധരാത്രി സ്ഥലം മാറ്റിയതിനെ വിമർശിച്ച് രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് ഉയരുന്നത്. നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സിബിഐ പ്രത്യേക ജഡ്ജിയായിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജസ്റ്റിസ് ലോയയെ അനുസ്മരിച്ചാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. സ്ഥലം മാറ്റത്തിന് വിധേയനകാത്ത ധീരനായ ജഡ്ജി ജസ്റ്റിസ് ലോയയെ ഓര്‍മ്മിക്കുന്നുവെന്നു രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപണ വിധേയനായ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിക്കവെ 2014 ഡിസംബർ ഒന്നിനാണ് ജസ്റ്റിസ് ലോയ മരിച്ചത്. ജഡ്ജിയെ സ്ഥലം മാറ്റിയതിനെതിരെ പ്രിയങ്ക ഗാന്ധിയും രംഗത്തു വന്നു. നടപടി ലജ്ജാകരമെന്നു പറഞ്ഞ പ്രിയങ്ക ഗാന്ധി ജുഡീഷ്യറിയിൽ ഉള്ള ജനങ്ങളുടെ വിശ്വാസം തകർക്കാനാണ് സർക്കാർ ശ്രമമെന്ന് ട്വീറ്റ് ചെയ്തു.

"ഞെട്ടലല്ല, നാണക്കേടാണ്"; ജസ്റ്റിസ് മുരളീധറിന്‍റെ സ്ഥലം മാറ്റത്തിൽ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി