അഹമ്മദാബാദില്‍ നിന്ന് വെറും 40 കിലോമീറ്റര്‍ അകലെയുള്ള ഈ ഗ്രാമത്തില്‍ അമേരിക്കന് സ്വപ്നം പൂര്‍ത്തിയാകാനായി ഏതറ്റവരേയും പോകാനും ആളുകള്‍ ഒരുക്കമാണ്. കുടുംബത്തില്‍ ഒരാളെങ്കിലും അമേരിക്കയില്‍ ഇല്ല എന്നത് അപമാനകരമായി കണക്കുക്കൂട്ടുന്നവരും കുറവല്ലെന്നാണ് റിപ്പോര്‍ട്ട്  

അനധികൃതമായി അതിര്‍ത്തി കടന്നെത്തുമ്പോള്‍ അപമാനിക്കപ്പെടലും പലപ്പോഴും ജീവഹാനി വരെയും നേരിടേണ്ടി വന്നിട്ടും അമേരിക്കയിലെത്താന്‍ (American dream) വേണ്ടി എന്തും ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിന് പിന്നില്‍ പലവിധ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്. അമേരിക്ക-കാനഡ അതിര്‍ത്തിയില്‍ കനത്ത മഞ്ഞില്‍ കഴിഞ്ഞ ദിവസം മരിച്ചത് ഗുജറാത്തി കുടുംബമാണ്. ഗുജറാത്തിലെ (Gujarat) ഗാന്ധിനഗറിലെ ഡിംഗൂച്ചാ (Dingucha) ഗ്രാമത്തില്‍ നിന്നുള്ള കുടുംബമാണ് കഴിഞ്ഞ ദിവസം കനത്ത മഞ്ഞില്‍ തണുത്തുറഞ്ഞ് മരണത്തിന് കീഴടങ്ങിയത്. ഗുജറാത്തി ദമ്പതികളും അവരുടെ രണ്ട് മക്കളുമാണ് ദാരുണമായി മരണത്തിന് കീഴടങ്ങിയതെന്നാണ് വിവരം.

ഈ ഗ്രാമത്തെ കുറിച്ചുള്ള ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഗ്രാമവാസികളായ നിരവധിപ്പേരാണ് വിദേശരാജ്യങ്ങളില്‍ താമസിക്കുന്നത്. അതില്‍ ഏറിയ പങ്കും താമസിക്കുന്നത് അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ്. വിദേശങ്ങളില്‍ താമസിക്കുന്ന ഇവരില്‍ നിന്ന് ഗ്രാമത്തിന്‍റെ വികസനത്തിനായി ലഭിക്കുന്നത് വന്‍തുകയാണെന്നാണ് എന്‍ഡി ടിവി വിശദമാക്കുന്നത്. പഞ്ചായത്ത് കെട്ടിടം, സ്കൂള്‍, ക്ഷേത്രം, ആശുപത്രി, കമ്യൂണിറ്റി ഹോള്‍ എന്നിവയിലെല്ലാം ഇത്തരത്തില്‍ പ്രവാസികളുടെ കയ്യയച്ചുള്ള സംഭാവനയുണ്ട്. മികച്ച അവസരങ്ങള്‍ക്കായി ഏത് വിധേനയും വിദേശരാജ്യങ്ങളിലേക്ക് പോയി താമസിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇവിടെയുള്ളവരില്‍ വലിയൊരു പക്ഷവുമെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട്.

ഈ ഗ്രാമത്തിലേക്ക് എത്തുന്ന ആരെയും അദ്യം തന്നെ ആകര്‍ഷിക്കുന്നത് വലിയൊരു പരസ്യ ബോര്‍ഡാണ്. യുകെയിലും കാനഡയിലുമുള്ള കോളേജഡുകളിലേക്ക് ഐഇഎല്‍ടിഎസോട് കൂടിയോ അല്ലാതെയോ പ്രവേശനം വാഗ്ദാനം ചെയ്യുന്നവയാണ് ഇവ. ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം വിദേശ രാജ്യങ്ങളിലെ പഠനത്തിന് നിര്‍ണായക മാനദണ്ഡമാകുമ്പോഴാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ നിന്ന് വെറും 40 കിലോമീറ്ററാണ് ഈ ഗ്രാമത്തിലേക്കുള്ളത്. സ്വദേശത്ത് യോഗ്യതയ്ക്ക് ചേരുന്ന ജോലിയോ ശമ്പളമോ ലഭിക്കാത്തതാണ് ഇത്തരം അമേരിക്കന്‍ സ്വപ്നത്തെ ഇത്രയധികം പ്രോല്‍സാഹിപ്പിക്കുന്നതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസും റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബത്തില്‍ നിന്ന് ഒരാളെങ്കിലും അമേരിക്കയില്‍ ഇല്ല എന്നത് അപമാനകരമായി പല കുടുംബങ്ങളും കണക്കാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്.

പാസ്പോര്‍ട്ട് പോലും എടുക്കാതെ ഇത്തരം അമേരിക്കന്‍ സ്വപ്നം പിന്തുടരാന്‍ ആഗ്രഹിക്കുന്നവരില്‍ ഭൂരിപക്ഷം പേര്‍ക്കും അവിടെ നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച് കാര്യമായ ധാരണയില്ലെന്നാണ് ദി വയറിന്‍റെ റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ബന്ധുക്കള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ നല്‍കുന്ന ആഡംബര ചിത്രങ്ങളാണ് പലരേയും അമേരിക്കന്‍ സ്വപ്നത്തിന് പിന്നാലെ പോകാന്‍ പ്രേരണയാവുന്നത്. ഇവരെ ചൂഷണം ചെയ്യാന്‍ മനുഷ്യക്കടത്ത് സംഘങ്ങളും സജീവമാണ്. അടുത്തിടെ അമേരിക്ക കാനഡ അതിര്‍ത്തിയില്‍ മരിച്ച കുടുംബമെന്ന് സൂചനയുള്ള മുപ്പത്തിയഞ്ചുകാരനായ ജഗദീഷ് ഭാര്യ വൈശാലി മക്കളായ വിഹാംഗി, ധാര്‍മിക് എന്നിവര്‍ ഇത്തരത്തില്‍ മനുഷ്യക്കടത്തിന് ഇരയായെന്നാണ് സംശയിക്കുന്നത്. കൃത്യമായ വിസയോ മറ്റ് രേഖകളോ ഇല്ലാതെ അമേരിക്കയിലെത്തിക്കാമെന്ന ഏജന്‍റുമാരുടെ വാഗ്ദാനത്തിലാവും സ്കൂള്‍ അധ്യാപകനായിരുന്ന ജഗദീഷും വീണിട്ടുണ്ടാവുകയെന്നാണ് ദി വയര്‍ വിശദമാക്കുന്നത്. അടുത്തിടെ വിസിറ്റിംഗ് വിസയിലാണ് ജഗദീഷ് പട്ടേലും കുടുംബവും വിസിറ്റിംഗ് വിസയിലാണ് കാനഡയിലേക്ക് പോയതെന്നാണ് ഗ്രാമത്തിലെ ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചത്.

ഇടത്തരം കുടുംബത്തില്‍ നിന്നും വരുന്ന ജഗദീഷ് പട്ടേല്‍ പിതാവിനെ കൃഷിയില്‍ സഹായിച്ചും സ്കൂളില്‍ പഠിപ്പിച്ചുമാണ് ഉപജീവനം നടത്തിയിരുന്നത്. എന്നാല്‍ മരിച്ചത് ഇവര്‍ തന്നെയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരണം വരാത്തതിനാല്‍ നിലവില്‍ കാണാതായിരിക്കുന്ന ഇവരേക്കുറിച്ചുള്ള ആശങ്കയിലാണ് കുടുംബമുള്ളത്. മറ്റ് ഏഴ് പേര്‍ക്കൊപ്പം യുഎസ് അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ അതിശൈത്യത്തിന് കീഴടങ്ങിയത്. ഗുജറാത്ത് സിഐഡി വിഭാഗം സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ സജീവമായിട്ടുള്ള മനുഷ്യക്കടത്ത് സംഘങ്ങള്‍ വിദേശങ്ങളിലേക്ക് അയച്ചിട്ടുള്ളവരുടെ കൃത്യ വിവരങ്ങള്‍ ഇനിയും ലഭ്യമല്ലെന്നാണ് എഡിജിപി അനില്‍ പ്രഥം ദി ഇന്ത്യന്‍ എക്സ്പ്രസിനോട് വിശദമാക്കിയത്. 

ജീവിതം തേടിയുള്ള യാത്ര അന്ത്യത്തിലേക്ക്; അമേരിക്കന്‍ അതിര്‍ത്തിയില്‍ തണുത്ത് മരിച്ചത് ഗുജറാത്തി കുടുംബം