മമത ബാനർജിയെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതായി വിമതപക്ഷം പ്രഖ്യാപിച്ചു. അരൂപ് റോയിയെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തു. ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ സസ്പെൻഡ് ചെയ്തതായും വിമതർ അറിയിച്ചു.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിലെ പോരാട്ടം പുതിയ തലത്തിലേക്ക്. പാർട്ടി സ്ഥാപകയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ തൃണമൂൽ കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയെന്ന് വിമതപക്ഷം. അരൂപ് റോയ് ആണ് പുതിയ അധ്യക്ഷനെന്ന് വിമതപക്ഷം ചേർന്ന യോ​ഗത്തിൽ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ ഉടൻ ഈ വിവരം അറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാർട്ടി ചെയർപേഴ്സണെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ സസ്‌പെൻഡ് ചെയ്തതായും വിമത ക്യാമ്പ് അറിയിച്ചു. തങ്ങളുടെ പോരാട്ടം നിയമസഭയ്ക്ക് ഉള്ളിൽ മാത്രമല്ല, പാർട്ടിയുടെ ഔദ്യോഗിക അധികാര ശ്രേണിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് വിമതർ. മമത ബാനർജി രാഷ്ട്രീയ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവങ്ങൾ.

പുതിയ ദേശീയ വർക്കിംഗ് കമ്മിറ്റിക്ക് അംഗീകാരം

ന്യൂ ടൗണിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഋതബ്രത ബാനർജിയുടെയും വിമത എംഎൽഎമാരുടെയും നേതൃത്വത്തിൽ പ്രത്യേക യോഗം വിളിച്ചുചേർത്തു. അരൂപ് റോയ്, ഫിർഹാദ് ഹക്കീം, അരൂപ് ബിശ്വാസ്, ജാവേദ് ഖാൻ, സന്ദീപൻ സാഹ തുടങ്ങി കൊൽക്കത്ത, ഹൗറ, മുർഷിദാബാദ് തുടങ്ങിയ ജില്ലകളിൽ നിന്നുള്ള പ്രമുഖ നേതാക്കളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

പാർട്ടിക്ക് ഉള്ളിലെ ഭരണഘടനാ പ്രതിസന്ധി പരിഹരിക്കാനാണ് യോഗം ചേർന്നതെന്ന് വിമത വിഭാഗം അവകാശപ്പെട്ടു. പാർട്ടി ഭരണഘടന അനുസരിച്ച് ഓരോ മൂന്ന് വർഷം കൂടുമ്പോഴും ദേശീയ വർക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. എന്നാൽ 2022 ഫെബ്രുവരിയിൽ രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞിട്ടും പുതിയ കമ്മിറ്റി രൂപീകരിച്ചില്ലെന്ന് ഋതബ്രത ബാനർജി യോഗത്തിൽ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ ദേശീയ നേതൃത്വത്തെ വിമതർ തീരുമാനിച്ചത്.

തുടർന്ന് യോഗത്തിൽ പങ്കെടുത്തവർ ഏകകണ്ഠമായി 30 അംഗങ്ങളുള്ള പുതിയ ദേശീയ വർക്കിംഗ് കമ്മിറ്റിക്ക് അംഗീകാരം നൽകി. ഇതിന് പിന്നാലെയാണ് ഹൗറ സെൻട്രലിൽ നിന്നുള്ള മുതിർന്ന എംഎൽഎ അരൂപ് റോയിയെ ശബ്ദവോട്ടോടെ പുതിയ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്. ഫിർഹാദ് ഹക്കീം, അരൂപ് ബിശ്വാസ്, രതിൻ ഘോഷ്, സബീന യാസ്മിൻ എന്നിവരെ വൈസ് ചെയർപേഴ്സൺമാരായും ഋതബ്രത ബാനർജി, ജാവേദ് ഖാൻ, സന്ദീപൻ സാഹ എന്നിവരെ ജനറൽ സെക്രട്ടറിമാരായും നിയമിച്ചു. കൂടാതെ പാർട്ടിയുടെ സാമ്പത്തിക രേഖകൾ പരിശോധിക്കാൻ സ്വതന്ത്ര ഓഡിറ്ററെ നിയമിക്കാനും തീരുമാനമായി.

തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്നാണ് പുതിയ കമ്മിറ്റിയുടെ വാദം. 60-ഓളം എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് വിമത വിഭാഗം അവകാശപ്പെടുന്നു. ഏതാണ്ട് 15 വർഷത്തെ ഭരണത്തിന് ശേഷം പശ്ചിമ ബംഗാളിൽ അധികാരം നഷ്ടപ്പെട്ട തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര കലഹത്തിലൂടെയാണ് കടന്നുപോകുന്നത്. മമത ബാനർജി നിർദ്ദേശിച്ച എംഎൽഎയെ തള്ളി ഭൂരിപക്ഷം എംഎൽഎമാരും ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതോടെയാണ് പാർട്ടിയിലെ പിളർപ്പ് പരസ്യമായത്. ഇതിനുപുറമെ ലോക്‌സഭയിലെ 28 ടിഎംസി എംപിമാരിൽ 20 പേരും പാർട്ടി വിട്ട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ലയിച്ചു. ഇവർ ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ പാർലമെന്റിലും മമതയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.