ദില്ലി, ബെംഗളുരു: വീണ്ടും കോടതി കയറാൻ 'കർനാടകം'. അയോഗ്യരാക്കിയ സ്പീക്കർ കെ ആർ രമേശ് കുമാറിന്‍റെ നടപടിക്കെതിരെ വിമതർ സുപ്രീംകോടതിയെ സമീപിച്ചു. വിമത കോൺഗ്രസ് എംഎൽഎമാരായ രമേശ് ജാർക്കിഹോളി, മഹേഷ് കുമ്‍ടഹള്ളി, സ്വതന്ത്രനായ ആർ ശങ്കർ എന്നിവരാണ് അയോഗ്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. വ്യാഴാഴ്ചയാണ് ഇവരെ സ്പീക്കർ അയോഗ്യരാക്കിയത്. 

ഈ മൂന്ന് എംഎൽഎമാരും നേരത്തേ രാജി വച്ചവരാണ്. രാജി വച്ച തങ്ങളെ അയോഗ്യരാക്കാൻ കഴിയില്ലെന്നാണ് എംഎൽഎമാരുടെ വാദം. സ്പീക്കറുടെ നടപടി സർക്കാർ താഴെപ്പോയതിലെ പ്രതികാര നടപടിയാണെന്നും എംഎൽഎമാർ ആരോപിക്കുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ അയോഗ്യരാക്കിയാൽ പിന്നെ എംഎൽഎമാർക്ക് ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. 

ബിജെപിയോട് കൂട്ട് ചേര്‍ന്ന് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച മറ്റ് വിമത എംഎല്‍എമാര്‍ക്ക് നേരെയും നടപടി ഉടന്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്പീക്കര്‍. ബാക്കി എംഎൽഎമാരുടെ രാജിയിലും അയോഗ്യതയിലും രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം എടുക്കുമെന്നാണ് സ്പീക്കർ കെ ആർ രമേഷ് കുമാറിന്‍റെ അറിയിപ്പ്.

രാജിവച്ച പതിനഞ്ച് എംഎൽഎമാർക്കെതിരെ കോൺഗ്രസും ജെഡിഎസും അയോഗ്യത ശുപാർശ നൽകിയിരുന്നു. കുമാരസ്വാമി സര്‍ക്കാര്‍ വീഴുകയും ബിജെപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകൾ സജീവമാക്കുകയും ചെയ്ത സാഹചര്യത്തിൽ കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ അത്ര പെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകില്ലെന്ന സൂചന നേരത്തേ സ്പീക്കര്‍ നല്‍കിയിരുന്നതാണ്.

അയോഗ്യരാക്കിയ എംഎൽഎമാരുടെയും രാജി വച്ചവരുടെയും ബലത്തിലാണ് യെദിയൂരപ്പ സർക്കാർ നിലനിൽക്കുന്നത്. 224 അംഗ നിയമസഭയിൽ 105 അംഗങ്ങൾ മാത്രമേ ഇപ്പോഴും ബിജെപിക്കുള്ളൂ. കേവലഭൂരിപക്ഷമില്ല. പക്ഷേ 16 വിമതർ പുറത്തുപോയാൽ കേവലഭൂരിപക്ഷത്തിന് വേണ്ട അംഗസംഖ്യ 104 ആയി കുറയും. അതിനേക്കാൾ ഒരാളുടെ പിന്തുണ കൂടുതലുണ്ട് ബിജെപിക്ക്. ഈ ബലത്തിലാണ് യെദിയൂരപ്പയുടെ സർക്കാർ നിലനിൽക്കുന്നത്. തിങ്കളാഴ്ചയാണ് വിശ്വാസവോട്ടെടുപ്പെന്ന കടമ്പ.

രാജി സ്വീകരിക്കപ്പെട്ടാലോ, 16 പേരും അയോഗ്യരാക്കപ്പെട്ടാലോ, ബിജെപിയുടെ പിന്തുണ 105 + ഒരു വിമതൻ എന്നിങ്ങനെയാകും. കോൺഗ്രസിന്‍റെ എണ്ണം വെറും 65 ആകും. ജെഡിഎസ് 34 മാത്രം. അങ്ങനെ ആകെ മൊത്തം 99. 

ഈ എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച് സുപ്രീംകോടതി എടുക്കുന്ന നിലപാട് കൂറുമാറ്റ നിരോധന നിയമത്തിന്‍റെ വ്യാഖ്യാനങ്ങളിൽത്തന്നെ നിർണായകമാവും. കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി, കൂറുമാറ്റ നിരോധന നിയമത്തെ നോക്കുകുത്തിയാക്കിയാണ് ഉണ്ടായതെന്ന വാദം ശക്തമാണ്. സർക്കാരിന്‍റെ മുൾമുനയിൽ നിർത്തി ഒരു കൂട്ടം എംഎൽഎമാർ രാജി വച്ച് പുറത്ത് പോകുന്നതും, താഴെ വീഴാൻ വഴിയൊരുക്കുന്നതും, എതിർപക്ഷത്തിന്‍റെ സമ്മർദ്ദത്തിന്‍റെ ഫലമായിട്ടാണെങ്കിൽ അതിനെ എതിരിടാനുള്ള വകുപ്പുകളിൽ നിയമത്തിലില്ലെന്നതാണ് പ്രധാന വാദം. ബൊമ്മൈ കേസ് പോലെ സുപ്രധാനമാകും ഈ കേസിലെ വിധിയും നിരീക്ഷണങ്ങളും.