'മഹുവ മൊയ്ത്രയെ പുറത്താക്കാൻ തന്നെയാണ് ശുപാർശ'; എത്തിക്സ് കമ്മിറ്റിയംഗം അപരാജിത സാരംഗി
അതേ സമയം സിറ്റിംഗ് മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിക്കുമെന്ന മഹുവയുടെ പ്രഖ്യാപനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ അതൃപ്തി ഉയര്‍ന്നു.

ദില്ലി: ചോദ്യത്തിന് കോഴ ആരോപണത്തില്‍ മഹുവ മൊയ്ത്ര എംപിയെ പുറത്താക്കാന്‍ തന്നെയാണ് ശുപാര്‍ശ നല്‍കിയതെന്ന് പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റിയംഗം അപരാജിത സാരംഗി ഏഷ്യാനെറ്റ് ന്യൂസിനോട്. നടപടി ശൈത്യകാല സമ്മേളനത്തില്‍ ഉണ്ടാകുമെന്നും പണം കൈപ്പറ്റിയോ എന്നതിന്‍റെ തെളിവല്ല പരിശോധിച്ചതെന്നും അപരാജിത വ്യക്തമാക്കി. അതേ സമയം സിറ്റിംഗ് മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിക്കുമെന്ന മഹുവയുടെ പ്രഖ്യാപനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ അതൃപ്തി ഉയര്‍ന്നു.
ജനപ്രതിനിധിയുടെ പദവിയിലിരുന്ന് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് മഹുവമൊയ്ത്രയില്‍ നിന്നുണ്ടായതെന്നാണ് പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റി അംഗമായ അപരാജിത സാരംഗി പറയുന്നത്. വിദേശത്തുള്ള ബിസിനസ് ഗ്രൂപ്പിന് പാര്‍ലമെന്‍റ് ലോഗിന്‍ വിവരങ്ങള്‍ കൈമാറിയ ഗുരുതര കുറ്റമാണ് മഹുവയെ ശിക്ഷക്ക് അര്‍ഹയാക്കിയത്.
ഹിയറിംഗ് വേളയില്‍ മഹുവയില്‍ നിന്നുണ്ടായ മോശം പെരുമാറ്റവും അംഗീകരിക്കാനാകില്ല. പണം കൈപ്പറ്റിയതിന് തെളിവൊന്നും സമിതിയുടെ കൈയിലില്ലെന്ന മഹുവയുടെ ആക്ഷേപം ശരി വയ്ക്കും വിധം അക്കാര്യം എത്തിക്സ് കമ്മിറ്റിയല്ല പരിശോധിക്കേണ്ടതെന്നും, അന്വേഷണ ഏജന്‍സികളോട് പരിശോധിക്കാന്‍ സ്പീക്കര്‍ക്ക് ആവശ്യപ്പെടാമെന്നും അപരാജിത സാരംഗി വ്യക്തമാക്കി.
മഹുവ മൊയ്ത്രയുടെ പ്രഖ്യാപനത്തില്‍ തൃണമൂലിന് അതൃപ്തി