'പവിത്രമായ അഗ്നിയെ സാക്ഷിനിർത്തി വധൂവരന്മാർ ഒന്നിച്ച് ഏഴു ചുവടുകൾ വെയ്ക്കുന്ന 'സപ്തപതി' പോലുള്ള പരമ്പരാഗത ആചാരങ്ങളാണ് ഹിന്ദു വിവാഹത്തിന്റെ അടിത്തറ. ഇത്തരം ആചാരങ്ങളാണ് വിവാഹത്തിന് ആത്മീയവും സാമൂഹികവും നിയമപരവുമായ പദവി നൽകുന്നത്'- വിധിയിൽ പറയുന്നു
അഹമ്മദാബാദ്: ഹിന്ദു വിവാഹ നിയമപ്രകാരമുള്ള പരമ്പരാഗത ആചാരങ്ങളും ചടങ്ങുകളും പാലിക്കാതെ വെറും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രം കൊണ്ട് ഒരു വിവാഹം നിയമപരമായി സാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഹിന്ദുക്കളുടെ വിവാഹം റജിസ്റ്റർ ചെയ്തതുകൊണ്ടു മാത്രം സാധുതയുള്ളതാവില്ല. ആചാരങ്ങൾ കൂടി പാലിക്കണം. പാരമ്പര്യ ചടങ്ങുകൾ ഒരു വ്യക്തിയുടെ ആത്മീയ ശുദ്ധീകരണത്തിനും പരിവർത്തനത്തിനും സഹായകമാകുന്നതു കൂടിയാണെന്ന് കോടതി പറഞ്ഞു. വിവാഹമെന്നാൽ 'ആട്ടവും പാട്ടവും' 'തീറ്റയും കുടിയും' അല്ലെന്നും അതിനപ്പുറം സാംസ്കാരിക തലം കൂടിയുണ്ടെന്നും കോടതി വിധിച്ചു. ജസ്റ്റിസ് ഇലേഷ് വോറ, ആർ.ടി. വച്ഹനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ വിധി നിയമവൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
പവിത്രമായ അഗ്നിയെ സാക്ഷിനിർത്തി വധൂവരന്മാർ ഒന്നിച്ച് ഏഴു ചുവടുകൾ വെയ്ക്കുന്ന 'സപ്തപതി' പോലുള്ള പരമ്പരാഗത ആചാരങ്ങളാണ് ഹിന്ദു വിവാഹത്തിന്റെ അടിത്തറയെന്നും വിധിയിലുണ്ട്. ഇത്തരം ആചാരങ്ങളാണ് വിവാഹത്തിന് ആത്മീയവും സാമൂഹികവും നിയമപരവുമായ പദവി നൽകുന്നത്. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 അനുസരിച്ച് ആചാരപ്രകാരം നടത്തുന്ന വിവാഹങ്ങൾ മാത്രമേ പൂർണ്ണവും നിയമപരവുമായി കണക്കാക്കാൻ സാധിക്കൂ. സെക്ഷൻ 8 പ്രകാരമുള്ള രജിസ്‌ട്രേഷൻ എന്നത് നിയമപരമായി നടന്ന ഒരു വിവാഹത്തിന്റെ തെളിവ് മാത്രമാണ്. അല്ലാതെ ആചാരങ്ങൾ നടത്താത്ത ഒരു ബന്ധത്തിന് നിയമസാധുത നൽകാൻ രജിസ്‌ട്രേഷന് കഴിയില്ലെന്നും കോടതി വിധിയിൽ പറയുന്നു.
വിവാഹം റജിസ്റ്റർ ചെയ്തതായതിനാൽ സാധുതയുണ്ടെന്ന കുടുംബകോടതിയുടെ വിധി ചോദ്യം ചെയ്ത് യുകെയിൽ താമസിക്കുന്ന കൗശൽ സോണാർ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. തങ്ങൾക്കിടയിൽ വിവാഹ ചടങ്ങുകളൊന്നും നടന്നിട്ടില്ലെന്നും വഞ്ചനാപരമായാണ് വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നുമായിരുന്നു യുവാവ് വാദിച്ചത്. നാട്ടിൽ മാതാപിതാക്കൾ റജിസ്റ്റർ ചെയ്ത വിവാഹം തന്റെ താൽപര്യപ്രകാരമല്ലെന്നാണ് കൗശൽ കുടുംബകോടതിയിൽ പരാതി നൽകിയത്. ഹിന്ദു ആചാരപ്രകാരം നടത്തിയതല്ല എന്നതിനാൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
തങ്ങൾ ഭാര്യയും ഭർത്താവുമായി ജീവിച്ചിട്ടില്ലെന്നും ചടങ്ങുകൾ നടന്നിട്ടില്ലെന്നും യുവതിയും കുടുംബ കോടതിയിൽ സമ്മതിച്ചിരുന്നു. എന്നാൽ റജിസ്റ്റർ ചെയ്ത വിവാഹത്തിന് സാധുതയുണ്ടെന്ന് വിധിച്ച് ഹർജി കുടുംബകോടതി തള്ളി. പക്ഷേ കേസ് തള്ളിയ കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. വിവാഹ ചടങ്ങുകൾ നടന്നിട്ടില്ലെന്ന് ഇരുകൂട്ടരും സമ്മതിച്ച സാഹചര്യത്തിൽ, വെറുമൊരു രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പേരിൽ മാത്രം ആ ബന്ധം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.


