ഗോരഖ്പൂർ: ദില്ലിയിൽ വച്ച് മരിച്ച യുവാവിന്റെ മൃതദേഹം സ്വദേശമായ ഉത്തർപ്രദേശിൽ കൊണ്ടു വരാൻ കഴിയാത്ത സാഹചര്യത്തിൽ പ്രതീകാത്മകമായി ശവ സംസ്കാരം നടത്തി ബന്ധുജനങ്ങൾ. 37 വയസ്സുളള സുനിൽ ആണ് ദില്ലിയിൽ വച്ച് ചിക്കൻപോക്സ് പിടിപെട്ട് മരിച്ചത്. രാജ്യത്തെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൾ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിച്ചില്ല. സുനിലിന്റെ വൈക്കോൽ ഡമ്മി നിർമ്മിച്ച് അതിന് മുന്നിൽ മരണാനന്തര കർമ്മങ്ങൾ നടത്തുകയാണ് ബന്ധുക്കൾ ചെയ്തത്. കഴിഞ്ഞ ജനുവരിയിലാണ് കൂലിവേലയ്ക്കായി സുനിൽ ദില്ലിയിലേക്ക് പോയത്. ടയർ റിപ്പയർ ഷോപ്പിൽ ജോലി ചെയ്ത് വാടകയ്ക്കാണ് ഇയാള്‍ താമസിച്ചിരുന്നത്. 

പത്ത് ദിവസങ്ങൾക്ക് മുമ്പ് രോ​ഗബാധിതനായ സുനിലിനെ തൊഴിലുടമ ദില്ലിയിലെ ബെറാ ഹിന്ദു റാവു ആശുപത്രിയിലാക്കിയിരുന്നു. അവിടെ നിന്ന് മൂന്നോളം ആശുപത്രികളിൽ ഇയാളെ അഡ്മിറ്റ് ചെയ്തു. സുനിൽ കൊറോണ ബാധിതനെന്ന് സംശയിച്ചാണ് ഡോക്ടർമാർ മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയത്. സഫ്ദർജം​ഗ് സർക്കാർ ആശുപത്രിയിലായിരുന്നു ഇയാൾ. ഏപ്രിൽ 14 ന് സുനിൽ മരിച്ചു. ഇയാളുടെ കൊവിഡ് 19 പരിശോധന ഫലം നെ​ഗറ്റീവായിരുന്നു. 

സുനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തൊഴിലുടമ തങ്ങളെ അറിയിച്ചിരുന്നതായി സുനിലിന്റെ കുടുംബം വെളിപ്പെടുത്തി. എന്നാൽ പിന്നീട് യുവാവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഏപ്രിൽ 14 ന് ഒരു പൊലീസ് ഉദ്യോ​ഗസ്ഥനാണ് ഫോണെടുത്ത് ഇയാൾ മരിച്ച വിവരം വീട്ടുകാരെ അറിയിച്ചത്. മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടുപോകാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. എന്നാൽ തീർത്തും ദാരിദ്ര്യത്തിലായതിനാൽ കഴിയില്ലെന്നായിരുന്നു സുനിലന്റെ ഭാര്യയായ പൂനം നൽകിയ മറുപടി. ഇവർക്ക് അഞ്ച് കുട്ടികളാണുള്ളത്. ഇളയ കുഞ്ഞിന് ഒരു വയസ്സാണ് പ്രായം. യാത്ര ചെയ്യാൻ ​ട്രെയിനില്ല. കാർ വിളിച്ച് എത്താനുള്ള പണമില്ല. അതിനാൽ ഭർത്താവിന്റെ അന്ത്യകർമ്മങ്ങൾ ദില്ലിയിൽ വച്ച് നടത്താൻ അധികൃതരോട് അഭ്യർത്ഥിക്കാൻ പൂനം ​ഗ്രാമത്തലവനോട് ആവശ്യപ്പെട്ടിരുന്നു. 

കുടുംബാം​ഗങ്ങളുടെ രേഖാമൂലമുള്ള സമ്മതപത്രം ലഭിക്കാത്തതിനാൽ ഇതുവരെ ഇയാളുടെ അന്ത്യകർമ്മങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്ന് ദില്ലി പൊലീസ് അറിയിച്ചു. സമ്മതപത്രത്തിൽ സുനിലിന്റെ ഭാര്യ പൂനം ഒപ്പിട്ടെന്നും ഉടൻ തന്നെ ദില്ലി പൊലീസിന് കൈമാറുമെന്നും ​ഗോരഖ്പൂരിലെ ​ഗ്രാമമുഖ്യൻ അറിയിച്ചു. ഒരു കുടിലിലാണ് ഈ കുടുംബം താമസിക്കുന്നത്. ഇവർക്ക് റേഷൻ കാർഡില്ല. സംസ്ഥാന സർക്കാർ ഇവർക്ക് സ​ഹായം വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. മുതിർന്ന സർക്കാർ ഉദ്യോ​ഗസ്ഥൻ കുടുംബത്തെ സന്ദർശിച്ചിരുന്നു. പൂനത്തിന് വിധവാ പെൻഷനും റേഷൻ കാർഡും ലഭിക്കുന്നതിനുള്ള നടപടികൾ ചെയ്യാമെന്ന് അറിയിച്ചു. അതുപോലെ ഇവർക്ക് നല്ലൊരു വീട് നിർമ്മിച്ചു നൽകാമെന്നും അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.