റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി സ്ഥാപിച്ച വന്താര മൃഗസംരക്ഷണ കേന്ദ്രത്തിൽ ക്രമക്കേടില്ലെന്ന് സുപ്രീം കോടതി. മൃഗങ്ങളുടെ ഏറ്റെടുക്കൽ നിയന്ത്രണങ്ങൾ പാലിച്ചതായും കോടതി വ്യക്തമാക്കി.
മുംബൈ: റിലയൻസിന് സുപ്രീംകോടതിയിൽ നിന്നും ആശ്വാസം. മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി സ്ഥാപിച്ച വന്താര എന്ന മൃഗ സംരക്ഷണ കേന്ദ്രത്തിൽ പ്രഥമദൃഷ്ട്യാ പ്രശ്നങ്ങളില്ലെന്ന് സുപ്രീം കോടതി. സുപ്രീം കോടതി നിയോഗിച്ച സമിതി ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്ന് കോടതി അറിയിച്ചു. മൃഗങ്ങളുടെ ഏറ്റെടുക്കൽ നിയന്ത്രണങ്ങൾ പാലിച്ചെന്നാണെന്നും കോടതി നിരീക്ഷിച്ചു.
വന്യജീവി കേന്ദ്രത്തിന്റെയും മൃഗങ്ങളുടെ ഏറ്റെടുക്കലിന്റെയും കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലായിരുന്നു സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ആനകളെയടക്കം വാങ്ങുന്നത് കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണെന്നടക്കം പരാതി ഉയർന്നിരുന്നു. ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് അഭിഭാഷകനായ സി.ആർ. ജയ സുകിൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ച് ഉത്തരവിട്ടത്.
ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള മൃഗങ്ങളെ ഏറ്റെടുക്കുന്നതിലെ നിയമങ്ങൾ അനുസരിക്കുന്നുണ്ടോ, 1972 ലെ വന്യജീവി (സംരക്ഷണ) നിയമവും മൃഗശാലകൾക്കുള്ള നിയമങ്ങളും പാലിക്കുന്നുണ്ടോ, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വ്യാപാരത്തിനായുള്ള അന്താരാഷ്ട്ര കൺവെൻഷൻ പ്രകാരമുള്ള നിർദേശങ്ങൾ പിന്തുടരുന്നുണ്ടോ എന്നതെല്ലാമാണ് പരിശോധിച്ചത്.


