ഭൂപേഷ് ബാഗേലുമായി ബന്ധമുണ്ടെന്ന് അസിംദാസ് സമ്മതിച്ചതായി ഇഡി: റിമാൻഡ് റിപ്പോർട്ട് പുറത്ത്
ഛത്തീസ്ഘട്ടിലെ പല കോൺഗ്രസ് നേതാക്കളുമായും ബന്ധമുണ്ടെന്നും കൈവശമുണ്ടായിരുന്ന പണം കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ളതായിരുന്നുവെന്നും അസിം ദാസ് പറഞ്ഞതായും ഇഡി വിശദമാക്കുന്നു.

റായ്പൂർ: മഹാദേവ് വാതുവയ്പ് കേസില്‍ ഛത്തീസ് ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരായ ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന്. മഹാദേവ് ആപ്പില്‍ നിന്നുള്ള ഹവാല പണവുമായി പിടികൂടിയ അസിംദാസ് മുഖ്യമന്ത്രിയുമായുള്ള ബന്ധം സമ്മതിച്ചെന്ന് ഇഡി അവകാശപ്പെടുന്നു. കുരുക്കുമുറുക്കി വൈകാതെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി. റായ്പൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും മഹാദേവ് ഹവാല റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഇഡി സ്ഥാപിക്കുന്നത്. 18 പേജുള്ള റിപ്പോര്‍ട്ടില്‍ മുഖ്യമന്തിയുമായി ബന്ധപ്പെടുത്തി ഇഡി വ്യക്തമാക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ.
പിടിയിലായ അസിംദാസ് പണം ഛത്തീസ് ഘട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളതാണെന്ന് സമ്മതിച്ചു. പണം അവസാനമെത്തുക മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ കൈയിലായിരിക്കും. മഹാദേവ് ആപ്പിന്‍റെ പ്രധാന പ്രമോട്ടറായ ശുഭം സോണി ദുബായില്‍ വച്ച് പണം ഏല്‍പിച്ചത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരിലേക്ക് എത്തിക്കാനാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പണമെന്ന് പറഞ്ഞാണ് അവിടേക്ക് വിളിപ്പിച്ചത് തന്‍റെ കൈയില്‍ തന്നത്.
റായ്പൂരിലെ ട്രിറ്റണ്‍ ഹോട്ടലിലെ മുന്നൂറ്റി പതിനൊന്നാം നമ്പര്‍ മുറിയില്‍ വച്ച് പമം കൈമാറാനായിരുന്നു തീരുമാനമെന്നും അസിംദാസ് പറഞ്ഞതായി ഇഡി വ്യക്തമാക്കുന്നു. അസിംദാസിന്‍റെ ഫോണില്‍ നിന്ന് ലഭ്യമായ ഡിജിറ്റല്‍ തെളിവുകളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ടെന്നും ഇഡി പറയുന്നു. പലപ്പോഴായി 508 കോടിയോളം രൂപ മഹാദേവ് ആപ്പില്‍ നിന്ന് മുഖ്യമന്ത്രി കൈപ്പറ്റിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.
അസിംദാസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്മന്ത്രി ഭൂപേഷ് ബാഗേലിനെ ഉടന്‍ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഉദ്ധരിച്ച് പ്രധാനമന്ത്രി തന്നെ ബാഗേലിനെതിരായ വിമര്‍ശനം കടുപ്പിച്ചത് രാഷ്ട്രീയ പിന്തുണയുടെയും സൂചനയായി. അതേ സമയം ഇഡി സ്വയം മെനഞ്ഞ തിരക്കഥയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പ്രതികരിച്ചു. പ്രതിച്ഛായ തകര്‍ത്ത് തെരഞ്ഞെടുപ്പ് വിജയം നേടാമെന്ന് ബിജെപി വ്യാമോഹിക്കേണ്ടെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
ബാഗേലുമായി ബന്ധമുണ്ടെന്ന് അസിംദാസ് സമ്മതിച്ചതായി ഇഡി