Asianet News MalayalamAsianet News Malayalam

വിജയ സ്‍മരണയില്‍ രാജ്യം; പാകിസ്ഥാനെ തുരത്തിയ കാർഗിലിലെ യുദ്ധവിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട്

നുഴഞ്ഞുകയറിയ പാകിസ്ഥാന്‍ സൈന്യത്തെ തുരത്തിയ കാർഗിലിലെ ഇന്ത്യൻ യുദ്ധവിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട്. സൈന്യത്തെ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക്  തുരത്തി 1999 ജൂലൈ 26നാണ് ഇന്ത്യൻ സൈന്യം കാർഗിൽ മലനിരകൾ തിരികെപ്പിടിച്ചത്. 

remembrance of Kargil War
Author
Delhi, First Published Jul 26, 2019, 6:37 AM IST

ദില്ലി: പാകിസ്ഥാന്‍ പട്ടാളത്തെ തുരത്തി കാർഗിലിലെ ഇന്ത്യൻ യുദ്ധവിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട്. നുഴഞ്ഞുകയറിയ പാകിസ്ഥാന്‍ സൈന്യത്തെ നിയന്ത്രണരേഖയ്‍ക്ക് അപ്പുറത്തേക്ക്  തുരത്തി 1999 ജൂലൈ 26നാണ് ഇന്ത്യൻ സൈന്യം കാർഗിൽ മലനിരകൾ തിരികെപ്പിടിച്ചത്. പാകിസ്ഥാന്‍റെ ചതിയുടെ കഥയാണ് കാര്‍ഗില്‍ യുദ്ധം. കനത്ത മഞ്ഞുവീഴ്ചയുള്ള സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലത്ത് അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്‍ക്ക് ഇരുവശത്തുനിന്നും ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും സൈന്യം പിന്‍വാങ്ങാറുണ്ട്. 

ഇന്ത്യന്‍ സേന പിന്‍വാങ്ങിയ തക്കം നോക്കി 1998 ഒക്ടോബറില്‍ കാര്‍ഗില്‍ മലനിരകളിലേക്ക് പാകിസ്ഥാന്‍ സൈന്യം നുഴഞ്ഞുകയറി. കൂറ്റന്‍ ബങ്കറുകള്‍ പണിത് ആയുധങ്ങളും ഭക്ഷണവും നിറച്ചു. നുഴഞ്ഞുകയറ്റം ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടത് ഏഴുമാസത്തിന് ശേഷം 1999 മേയ് മാസത്തില്‍ മാത്രം. താഴ്‍വരയിലെ തീവ്രവാദികള്‍ നടത്തിയ നുഴ‍ഞ്ഞുകയറ്റെമെന്ന് കരുതിയ ഇന്ത്യന്‍ സൈന്യം, ഇവരെ വേഗത്തില്‍ തുരുത്താമെന്നാണ് ആദ്യം കരുതിയത്. 

എന്നാല്‍ നിയന്ത്രണരേഖയിലെ താഴ്‍വരകളില്‍ പാകിസ്ഥാന്‍ സൈന്യം ഇത്തരത്തിലുള്ള നീക്കം നടത്തുന്നുണ്ടെന്ന് താമസിയാതെ ബോധ്യപ്പെട്ടു. തന്ത്രപ്രധാന മേഖലകളായ ദേശീയപാത ഒന്നും മേഖലയിലെ ഏറ്റവും ഉയരമേറിയ ടൈഗര്‍ ഹില്‍സും പിടിച്ചെടുത്തായിരുന്നു പാകിസ്ഥാന്‍റെ രഹസ്യനീക്കം.

1999 മേയ് അഞ്ചിന് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരികെ പിടിക്കാന്‍ യുദ്ധം ആരംഭിച്ചു. തുടക്കത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യയുടെ കര,വ്യോമ സേനാ വിഭാഗങ്ങളുടെ ശക്തമായ ആക്രമണത്തില്‍ പാകിസ്ഥാന് പിടിച്ചുനില്‍ക്കാനായില്ല. തന്ത്രപ്രധാന പാതകള്‍ ഇന്ത്യന്‍ സൈന്യം ആദ്യം പിടിച്ചെടുത്തു. ഇന്ത്യന്‍ പീരങ്കി പടയും വ്യോമസേനയും പാക് യുദ്ധമുന്നണിയില്‍ കനത്ത നാശം വിതച്ചു.

മൂന്ന് മാസം നീണ്ട കാര്‍ഗില്‍ യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു, 1300 ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി സിവിലിയന്‍മാര്‍ക്കും ജീവന്‍ നഷ്ടമായി. ഒടുവില്‍ 1999 ജൂലൈ 26 ന് നുഴഞ്ഞുകയറ്റക്കാരെ എല്ലാം നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് തുരുത്തി കാര്‍ഗില്‍ മലനിരകള്‍ ഇന്ത്യന്‍ സൈന്യം തിരികെ പിടിച്ചു. 

Follow Us:
Download App:
  • android
  • ios