"നോ ഐഡിയ ഈസ് ഫൈനൽ" പ്രദർശനത്തിൽ ചിത്രങ്ങൾ സൊസൈറ്റിയുടെ നയങ്ങൾക്ക് എതിരാണെന്ന് കണ്ടെത്തിയതായും നയങ്ങൾക്ക് അനുസൃതമായിട്ടുള്ള ചിത്രങ്ങളുടെ പ്രദർശനം തുടരുന്നുണ്ടെന്നും ബിക്കാനീർ ഹൗസ് വിശദീകരണം നൽകി.
ദില്ലി: ചിത്രപ്രദർശനത്തിൽ നിന്നും റെയ്ഹാൻ വാദ്രയുടെ ചിത്രങ്ങൾ നീക്കിയ നടപടിയിൽ വിശദീകരണവുമായി ബിക്കാനീർ ഹൗസ്. ചില ചിത്രങ്ങൾ സ്ഥാപനത്തിന്റെ നയത്തിന് ചേരുന്നതല്ലെന്നും അതിനാൽ മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ബിക്കാനീർ ഹൗസ് അധികൃതർ വ്യക്തമാക്കുന്നു. പ്രദർശനങ്ങൾ നടക്കേണ്ടത് ബിക്കാനീർ ഹൗസ് മാനേജ്മെന്റ് നയങ്ങൾ അനുസരിച്ചാണ്. "നോ ഐഡിയ ഈസ് ഫൈനൽ" പ്രദർശനത്തിൽ ചിത്രങ്ങൾ സൊസൈറ്റിയുടെ നയങ്ങൾക്ക് എതിരാണെന്ന് കണ്ടെത്തിയതായും നയങ്ങൾക്ക് അനുസൃതമായിട്ടുള്ള ചിത്രങ്ങളുടെ പ്രദർശനം തുടരുന്നുണ്ടെന്നും ബിക്കാനീർ ഹൗസ് വിശദീകരണം നൽകി.
ബിക്കാനീർ ഹൗസിൽ ഇന്നലെ തുടങ്ങിയ നോ ഐഡിയ ഈസ് ഫൈനൽ എന്ന് പേരിട്ട പ്രദർശനത്തിൽ നിന്നാണ് ദില്ലി പ്രതിഷേധത്തിന്റെ ചിത്രങ്ങൾ അടക്കം മാറ്റാൻ ബിക്കാനീർ ഹൗസ് അധികൃതർ ആവശ്യപ്പെട്ടതെന്ന് റെയ്ഹാൻ അറിയിച്ചു. ദേശീയ പതാകയുടെ ചിത്രവും മാറ്റാൻ ആവശ്യപ്പെട്ടെന്നും എന്നാൽ താൻ അതിന് തയാറായില്ലെന്നും റെയ്ഹാൻ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ചിത്രപ്രദർശനം ഭാഗികമായി നിശ്ചയിച്ചപോലെ ബിക്കാനീർ ഹൗസിൽ നടക്കും. എന്നാൽ മുഴുവൻ ചിത്രങ്ങളും ഉൾപ്പെടുത്തി മറ്റൊരിടത്ത് പ്രദർശനം സംഘടിപ്പിക്കുമെന്നും റെയ്ഹാൻ വ്യക്തമാക്കിയിരുന്നു.
