ഇസ്ലാമാബാദ്: ബോളീവുഡ് താരവും യുനിസെഫ് ഗുഡ്‍വില്‍ അംബാസിഡറുമായ പ്രിയങ്ക ചോപ്രയെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന് യുഎന്നിനോട് ആവശ്യപ്പെട്ട് പാകിസ്ഥാന്‍. വിഷയത്തില്‍ പാകിസ്ഥാന്‍ മനുഷ്യാവകാശവകുപ്പ് മന്ത്രി ശിരീന്‍ മസാരി യുഎന്നിന് കത്തയച്ചു.

ഇന്ത്യക്കും മോദി സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനമാണ് കത്തില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തുന്നത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെ അനുകൂലിക്കുന്ന ഒരാള്‍ യുനിസെഫിന്‍റെ ഗുഡ്‍വില്‍ അംബാസിഡര്‍ സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന് മസാരി കത്തില്‍ വ്യക്തമാക്കുന്നു. 

'കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെയും ഇന്ത്യന്‍ പ്രതിരോധമന്ത്രി പാകിസ്ഥാനെതിരെ നടത്തിയ  ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിയെയും പ്രിയങ്ക ചോപ്ര പരസ്യമായി അനുകൂലിച്ചു'. അത്തരം നിലപാടുകള്‍ സ്വീകരിക്കുന്ന പ്രിയങ്കയെ തല്‍സ്ഥാനത്തുനിന്നും മാറ്റിയില്ലെങ്കില്‍ ആഗോളതലത്തില്‍ യുഎന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമാധാനത്തിന്‍റെ മുഖംതന്നെ മാറുമെന്നും പാകിസ്ഥാന്‍ മനുഷ്യാവകാശവകുപ്പ് മന്ത്രി ശിരീന്‍ മസാരി യുണിസെഫ് അധികൃതര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.