പുതുച്ചേരിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി റെനൈസൻസ് ഫൗണ്ടേഷൻ എന്ന ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാർക്കറ്റ് റിസർച്ച് ഏജൻസി നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലങ്ങൾ പുറത്ത്. പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലും ഈ ഏജൻസിയുടെ സംഘം സന്ദർശനം നടത്തിയി വിശദമായ തെരഞ്ഞെടുപ്പ് പഠനങ്ങളും അഭിമുഖങ്ങളും നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ഫലം പുറത്തുവിട്ടിട്ടുള്ളത്. തികച്ചും റാൻഡം ആയി തെരഞ്ഞെടുത്ത സാമ്പിൾ വോട്ടർമാരോട്, രഹസ്യ ബാലറ്റിലൂടെ അതാത് മണ്ഡലത്തിലെ എംഎൽഎയുടെയും, മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെയും പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെടുകയാണുണ്ടായത്. 
 
എഐഡിഎംകെ-ബിജെപി സഖ്യം പുതുച്ചേരി തൂത്തുവാരും എന്നാണ്  റെനൈസൻസ് ഫൗണ്ടേഷന്റെ ഈ അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന.  മുൻ പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിയുടെ എൻ ആർ കോൺഗ്രസ് ബിജെപി-എഐഡിഎംകെ സഖ്യത്തോടൊപ്പം ചേരുമോ അതോ ഒറ്റയ്ക്ക് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമോ എന്നതിനെ ആശ്രയിച്ച് രണ്ടു ഫലങ്ങൾ സർവേ പ്രവചിക്കുന്നുണ്ട്. അങ്ങനെ ഒരു സഖ്യം ഉണ്ടാകുന്ന പക്ഷം മുപ്പതിൽ 28 സീറ്റും സഖ്യം തൂത്തുവാരും എന്നാണ് പ്രവചനം. കോൺഗ്രസ് ഡിഎംകെ സഖ്യത്തിന് ആ സാഹചര്യത്തിൽ സർവേ ഫലപ്രകാരം ലഭിക്കുക ഒരു സീറ്റാണ്. ശേഷിക്കുന്ന ഒരു സീറ്റ് എൽഡിഎഫ് നേടുമെന്നും സർവേ പറയുന്നു. എന്നാൽ, എൻആർ കോൺഗ്രസ്  സഖ്യത്തിന് മുതിരാതെ ഒറ്റയ്ക്ക് നിന്നാൽ എഐഡിഎംകെ-ബിജെപി സഖ്യം നേടുക 23 സീറ്റുകളാകും എന്ന് സർവേ പ്രവചിക്കുന്നു. ഈ സാഹചര്യത്തിൽ, 3 സീറ്റുകൾ കോൺഗ്രസ്-ഡിഎംകെ സഖ്യം നേടും. ഒരു സീറ്റ് എൽഡിഎഫിന് കിട്ടും. ശേഷിക്കുന്ന രണ്ടു സീറ്റുകളിൽ ഈ സർവേ ഫലം ഉറപ്പിച്ചു പറയുന്നില്ല.

എൻ രാമസ്വാമിയുടെ എൻ ആർ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ 25 % വോട്ടും നേടും എന്ന് പ്രവചിക്കുന്ന സർവേ, ബിജെപിക്ക് 24  ശതമാനവും, കോൺഗ്രസിന് 20 ശതമാനവും, എഐഡിഎംകെയ്ക്ക് 21 ശതമാനവും വോട്ട് ഷെയർ ആണ് പ്രതീക്ഷിക്കുന്നത്. ഈ പഠനം പറയുന്നത്, സ്റ്റാലിന്റെ ഡിഎംകെക്ക് ഈ തെരഞ്ഞെടുപ്പിൽ കാര്യമായ ഒരു സ്വാധീനവും ചെലുത്താൻ സാധിക്കില്ല എന്നാണ്. ഈ സർവേ ഫലം സത്യമാവുകയാണെങ്കിൽ അത് പുതുച്ചേരിയിൽ നിന്നുള്ള കോൺഗ്രസിന്റെയോ ഡിഎംകെയുടെയോ ഒക്കെ അപ്രത്യക്ഷമാകലിന് തന്നെ വഴിവെക്കും. 2016 -ൽ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻ ആർ കോൺഗ്രസും ബിജെപിയും എഐഡിഎംകെയും ഒക്കെ തനിച്ചാണ് മത്സരിച്ചിരുന്നത്. അന്ന് എൻ ആർ കോൺഗ്രസിന് എട്ടു സീറ്റും, എഐഡിഎംകെക്കു നാല് സീറ്റും കിട്ടി. ബിജെപി അന്ന് അക്കൗണ്ട് തുറന്നിരുന്നില്ല. അന്ന് 15 സീറ്റു നേടിയ കോൺഗ്രസ് ആയിരുന്നു മുന്നിൽ.