ദില്ലി: കാര്‍ഗില്‍ വിജയ് ദിവസിന്‍റെ 21ാം വാര്‍ഷികം ആചരിക്കുമ്പോള്‍ വീരമചരമമടഞ്ഞ സൈനികരെ ആദരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ വിമുഖത കാണിച്ചതിന്‍റെ ഓര്‍മ്മകള്‍ പങ്കുവച്ച് രാജ്യസഭാ എം പി രാജീവ് ചന്ദ്രശേഖര്‍. 1999 ല്‍ കാര്‍ഗില്‍ യുദ്ധം അവസാനിച്ചിരുന്നുവെങ്കിലും 2009വരെ കാര്‍ഗില്‍ വിജയ ദിവസത്തിന്‍റേതായ ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തത്.

2009ല്‍ ഇക്കാര്യം താന്‍ പാര്‍ലമെന്‍റിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്ന ശേഷമാണ് മാറ്റങ്ങളുണ്ടായതെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റില്‍ വിശദമാക്കുന്നു. 2004 മുതല്‍ 2009 വരെ രാജ്യം ഭരിച്ച യുപിഎ സര്‍ക്കാര്‍ വീരമൃത്യു വരിച്ചവരെ ബഹുമാനിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. 2009ല്‍ ഇക്കാര്യം പാര്‍ലമെന്‍റില്‍ ഉന്നയിച്ച രേഖകള്‍ അടക്കമാണ് എംപിയുടെ ട്വീറ്റ്. ഇതിന് ശേഷമായിരുന്നു അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആന്‍റണി കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷങ്ങള്‍ പുനരാരംഭിച്ചത്.

പ്രതിരോധ മന്ത്രി ഇന്ത്യ ഗേറ്റിലെ അമര്‍ജവാന്‍ ജ്യോതി സന്ദര്‍ശിക്കുന്ന രീതി തുടങ്ങി വച്ചത് എ കെ ആന്‍റണിയാണ്. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് കാര്‍ഗില്‍ വിജയ് ദിവസ് ആചരിച്ചതായാണ് രേഖകള്‍ വിശദമാക്കുന്നത്. യുപിഎ അധികാരത്തിലേറി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കാര്‍ഗില്‍ വിജയ് ദിവസ് ആചരിക്കാന്‍ തുടങ്ങിയതെന്നും രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ ട്വീറ്റ് വ്യക്തമാക്കുന്നു.