Asianet News MalayalamAsianet News Malayalam

ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍റെ പരീക്ഷണം ഇന്ത്യയും നിർത്തിവച്ചു

ഡിസിജിഐ തീരുമാനത്തിന് ശേഷം തുടർ പരീക്ഷണം എന്ന് സിറം തീരുമാനിച്ചതായാണ് റിപോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. വാക്സിൻ നിർമ്മാതാക്കളായ ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനി അസ്ട്ര സെനേക്ക അമേരിക്കയിൽ പരീക്ഷണം താൽക്കാലികമായി നിർത്തി വച്ചതിനു പിന്നാലെ  ഡിസിജിഐ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

report says covid vaccine trials stopped in india no reaction from pune serum institute
Author
Delhi, First Published Sep 10, 2020, 3:48 PM IST

ദില്ലി: കൊവിഡ് പ്രതിരോധ വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പുനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് താല്ക്കാലികമായി നിർത്തി വച്ചു. ഡിസിജിഐ തീരുമാനത്തിന് ശേഷം തുടർ പരീക്ഷണം എന്ന് സിറം തീരുമാനിച്ചതായാണ് അറിയിച്ചിരിക്കുന്നത്. വാക്സിൻ നിർമ്മാതാക്കളായ ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനി അസ്ട്ര സെനേക്ക അമേരിക്കയിൽ പരീക്ഷണം താൽക്കാലികമായി നിർത്തി വച്ചതിനു പിന്നാലെ  ഡിസിജിഐ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 

അമേരിക്കയിൽ മരുന്ന് പരീക്ഷണം നിർത്തിയിട്ടും ഇന്ത്യയിൽ തുടരാൻ ഇടയായ സാഹചര്യം വിശദികരിക്കാനാവശ്യപ്പെട്ടാണ്  ഡിസിജിഐ ഇന്നലെ നോട്ടീസ് നൽകിയത്.  മറ്റ് രാജ്യങ്ങളിൽ പരീക്ഷണം നിർത്തിവച്ചത് എന്തുകൊണ്ട് അറിയിച്ചില്ല, വാക്സിൻ പരീക്ഷണത്തിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് എന്തുകൊണ്ട് മുന്നറിയിപ്പ് നല്‌‍‍കിയില്ല എന്നീ ചോദ്യങ്ങളുന്നയിച്ചായിരുന്നു കാരണം കാണിക്കൽ നോട്ടീസ്.
 
അസ്ട്ര സെനേക്കയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് അമേരിക്കയിൽ നിർത്തിവച്ചത്. ഓക്സ്ഫഡ് സർവകലാശാലയിലായിരുന്നു പരീക്ഷണം നടന്നിരുന്നത്. വാക്സിൻ കുത്തിവെച്ച വൊളൻ്റിയർമാരിൽ ഒരാൾക്ക്  അജ്ഞാത രോഗം ബാധിച്ചതിനാലാണ്  പരീക്ഷണം നിർത്തിയത്. രോഗം വാക്സിന്റെ പാർശ്വഫലമെന്ന് സംശയം ഉയർന്നിട്ടുണ്ട്.  പുനെ സിറം ഇൻസ്റ്റിറ്റിയൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്‌സിൻ വിജയമായാൽ വാങ്ങാൻ ഇന്ത്യയും കരാർ ഉണ്ടാക്കിയിരുന്നു. 

പരീക്ഷണം നിർത്തി വയ്ക്കാൻ തങ്ങളോട് ആവശ്യപ്പെട്ടിരുന്നില്ലെന്നാണ്, കാരണം കാണിക്കൽ നോട്ടീസ് സംബന്ധിച്ച വാർത്തകളോട് ഇന്നലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതികരിച്ചത്. ​ഡ്ര​ഗ് കൺട്രോളർ ജനറലിന് ആശങ്കയുണ്ടെങ്കിൽ, നൽകിയ നിർദ്ദേശങ്ങൾ തങ്ങൾ പാലിക്കാം. ഡ്ര​ഗ് കൺട്രോളറുടെ മാർഗ്ഗനിർദേശങ്ങൾ പാലിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും  സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതികരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios