എസ്ഐആർ നടപടിക്രമങ്ങളിലും ഫോം ആറിലെ മാറ്റങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷനിൽ രൂക്ഷ ഭിന്നതയെന്ന് റിപ്പോർട്ട്. മുഖ്യ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ മറ്റ് രണ്ട് കമ്മീഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തി.
ദില്ലി: എസ്ഐആർ നടപടിക്രമങ്ങളിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രൂക്ഷ ഭിന്നതയെന്ന് റിപ്പോർട്ട്. കഴിഞ്ഞ 10 മാസത്തിൽ 14 തവണ കമ്മീഷനിലെ നടപടികൾക്കെതിരെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ വിയോജിപ്പ് വ്യക്തമാക്കിയിരുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ഏകാധിപതിയെ പോലെ പെരുമാറുന്ന ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ നടപടി തുടങ്ങണമെന്ന് കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു. എസ്ഐആറിൽ ഒരു വിയോജന കുറിപ്പ് പോലും ഔദ്യോഗികമായി ആരും നൽകിയില്ലെന്നാണ് കമ്മീഷൻ വൃത്തങ്ങളുടെ വിശദീകരണം.
പശ്ചിമബംഗാളിൽ എസ്ഐആർ പട്ടികയിലുള്ള വോട്ടർമാർക്കെതിരായ അപ്പീലിനെയും പുതിയ വോട്ടർമാരെ ചേർക്കാനുള്ള ഫോം ആറിലെ മാറ്റങ്ങളെയും രണ്ട് കമ്മീഷണർമാർ എതിർത്തിരുന്നു എന്ന ഗുരുതര വെളിപ്പെടുത്തൽ രാഷ്ട്രീയ കോളിളക്കത്തിന് ഇടയാക്കുകയാണ്. ഏകപക്ഷീയ തീരുമാനങ്ങളിലെ അതൃപ്തി തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറിയിച്ചിരുന്നു എന്ന റിപ്പോർട്ടാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തു വിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിൽ ചില ഉദ്യോഗസ്ഥർ നടപ്പാക്കിയ കാര്യങ്ങൾ കമ്മീഷൻറെ കൂട്ടായ തീരുമാനപ്രകാരമല്ലായിരുന്നു എന്ന ഗുരുതര പരാതിയും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ഉന്നയിക്കുന്നുണ്ട്. പുതിയ വോട്ടർമാർക്കുള്ള ഫോം ആറിൽ മാതാപിതാക്കളുടെ പേര് മുൻ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങൾ കമ്മീഷൻ എഴുതിച്ചേർത്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് രണ്ട് കമ്മീഷണർമാരും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് ചൂണ്ടിക്കാട്ടിയിരുന്നു. പകരം നിയമം മാറ്റാൻ കേന്ദ്രസർക്കാരിനെ സമീപിക്കുകയാണ് വേണ്ടതെന്ന നിലപാടാണ് കമ്മീഷണർമാർ സ്വീകരിച്ചത്.
പശ്ചിമ ബംഗാളിൽ ട്രൈബ്യൂണലുകൾക്ക് മുന്നിലുള്ള അപ്പീലുകളിൽ 16 ലക്ഷം തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാർക്കെതിരെ നൽകിയ അപ്പീലുകൾ ആണ്. ഈ അപ്പീലുകൾ ഫയൽ ചെയ്യാൻ ആര് തീരുമാനിച്ചു എന്ന ചോദ്യവും കമ്മീഷണർമാർ ഉന്നയിച്ചു. വോട്ടർമാരെ ഉൾപ്പെടുത്താനുള്ള പോർട്ടലിന്റെ നിയന്ത്രണം പൂർണ്ണമായും കേന്ദ്രീകൃതമാക്കിയതും ഭിന്നതയ്ക്ക് കാരണമായി. കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ ചുമതലകൾ വിഭജിച്ച് നൽകിയതിലും ചില ഉദ്യോഗസ്ഥർ വിദേശയാത്ര നടത്തിയതിലും കമ്മീഷണർമാർ കാബിനറ്റ് സെക്രട്ടറിയെ പരാതി അറിയിച്ചതായും റിപ്പോർട്ടിലുണ്ട്. ഗ്യാനേഷ് കുമാറിനെതിരെ പാർലമെൻറിൽ നൽകിയ ഇംപീച്ച്മെൻറ് പ്രമേയം അടിയന്തരമായി പരിഗണിക്കണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശും ടിഎംസി നേതാവ് അഭിഷേക് ബാനർജിയും ആവശ്യപ്പെട്ടു. എസ്ഐആർ കോടതി റദ്ദാക്കേണ്ട സാഹചര്യമാണെന്ന് സിപിഎം പ്രതികരിച്ചു.
അതേസമയം കമ്മീഷൻ വൃത്തങ്ങൾ ഈ റിപ്പോർട്ട് തള്ളിക്കളയുകയാണ്. എസ്ഐആറിലടക്കം എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടതെന്നും ഉത്തരവുകളിൽ ഒരു വിയോജനക്കുറിപ്പും കമ്മീഷണർമാർ ഔദ്യോഗികമായി നൽകിയിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. നരേന്ദ്രമോദി സർക്കാരിൻറെ കാലത്ത് നിയമിച്ച മൂന്ന് കമ്മീഷണർമാർക്കിടയിലെ ഈ തർക്കം വൻ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാനാണ് സാധ്യത.



