Asianet News MalayalamAsianet News Malayalam

Republic day 2022 : രാജ്‌പഥിൽ പ്രൗഡഗംഭീരമായ പരേഡ്, 73-ാം റിപ്പബ്ളിക് ദിനം ആഘോഷിച്ച് രാജ്യം

സ്വതന്ത്ര്യത്തിന് ശേഷമുള്ള വിവിധ യൂണിഫോമുകൾ അണിഞ്ഞാണ് കരസേന പരേഡിൽ അണിനിരന്നത്. ദേശീയ യുദ്ധ സ്മാരകത്തിൽ ധീരജവാൻമാർക്ക് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ചതോടെയാണ് റിപ്പബ്ളിക് ദിന ചടങ്ങുകൾക്ക് തുടക്കമായത്.

republic day 2022 parade india celebrate 73 republic day
Author
Delhi, First Published Jan 26, 2022, 1:54 PM IST

ദില്ലി : കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ സൈനിക ശക്തിയും കരുത്തും വിളിച്ചോതുന്ന പരേഡുമായി രാജ്യം എഴുപത്തിമൂന്നാം റിപ്പബ്ളിക് ദിനം (Republic day 2022) ആഘോഷിച്ചു. ദേശീയ യുദ്ധ സ്മാരകത്തിൽ ധീരജവാൻമാർക്ക് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ചതോടെയാണ് റിപ്പബ്ളിക് ദിന ചടങ്ങുകൾക്ക് തുടക്കമായത്. പത്തരയ്ക്ക് രാജ്പഥിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. സ്വതന്ത്ര്യത്തിന് ശേഷമുള്ള വിവിധ യൂണിഫോമുകൾ അണിഞ്ഞാണ് കരസേന പരേഡിൽ അണിനിരന്നത്.

ജമ്മുകശ്മീരിൽ ഭീകരരെ നേരിട്ട് വീരമൃത്യു വരിച്ച ജമ്മുകശ്മീർ പൊലീസിലെ എഎസ്ഐ ബാബു റാമിന് അശോക് ചക്ര മരണാനന്തര ബഹുമതിയായി സമ്മാനിച്ചു. വ്യോമസേനയുടെ  ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. ഡൽഹി ഏരിയാ ജനറൽ ഓഫീസർ ഇൻ കമാൻഡ്  ലഫ്റ്റനൻറ് ജനറൽ വികെ മിശ്രയാണ് പരേഡ് നയിച്ചത്. ഇന്ത്യൻ സേനയിലെ ഏറ്റവും പഴയ റജിമെൻറായ രാഷ്ട്രപതിയുടെ അംഗരക്ഷകർക്ക് പിന്നാലെ ലോകത്ത് ഇന്ന് അവശേഷിക്കുന്ന ഏക കുതിരപട്ടാളവും അണിനിരന്നു. 

1971 ലെ ഇന്ത്യ പാക് യുദ്ധത്തിൽ നിർണ്ണായക പങ്കുണ്ടായിരുന്ന സെൻഞ്ചൂറിയൻ പി 76 ടാങ്കുകൾ പഴയ പോരാട്ടങ്ങളുടെ സന്ദേശം നല്കി. മൂന്നാം തലമുറ മെയിൻ ബാറ്റിൽ ടാങ്ക് അർജുൻ എംകെ വൺ, ടാങ്കുകൾ നന്നാക്കാൻ എവിടെയും ഉപയോഗിക്കാവുന്ന എപിസി ടോപാസ്, ഹൊവിറ്റ്സ്ർ എംകെ വൺ, ധനുഷ് തോക്കുകൾ, ആകാശ് മിസൈലുകൾ തുടങ്ങിയവ ഇന്ത്യൻ സേന കൈവരിച്ച കരുത്തിന്റെ തെളിവായി. 

പിന്നീട് സൈനിക അർദ്ധസൈനിക വിഭാഗങ്ങളുടെ 16 സംഘങ്ങൾ ഇന്ത്യയുടെ സർവ്വസൈന്യാധിപന് സല്യൂട്ട് നല്കി. 1950 ലെ യൂണിഫോമും 1947 ലെ ഇന്ത്യ- പാക് യുദ്ധത്തിലെ ആയുധവുമായാണ് രാജ്പുഥ് റജിമെൻറിലെ സൈനികർ എത്തിയത്. 

1960 ലെ യുണിഫോമുമായി അസം രജിമെൻറും എഴുപതിലെ യുണിഫോമണിഞ്ഞ് ജമ്മുകശ്മീർ ലൈറ്റ് ഇൻഫൻററി റജിമൻറും എത്തി. പോരാട്ടമുഖത്തെ സേനയുടെ പുതിയ യൂണിഫോം അണിഞ്ഞ് പാരച്യൂട്ട് റജിമെൻറ് പരേഡിൽ ശ്രദ്ധ നേടി. മേഘാലയ ഒരുക്കിയ നിശ്ചല ദൃശ്യം പിന്നാലെ എത്തി. 

തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ് ജില്ലാ വികസന പദ്ധതിയും കാശി വിശ്വനാഥ ഇടനാഴിയും വിഷയമാക്കി, വിവാദങ്ങൾക്കിടെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികം കേന്ദ്ര പൊതുമരാമത്ത് വകുപ്പ് വിഷയമാക്കി. സ്വാന്ത്ര്യത്തിന്റെ 75 ആം വർഷത്തിൽ നെറ്റിപ്പട്ടം കെട്ടിയ ആനയുടെ മാതൃകയ്ക്കു പിന്നിൽ ആയിരം പേർ ഒരുക്കിയ കലാവിരുന്ന് പുതുമയായി. വിരുന്നിൽ അൻപതിലധികം മലയാളികളുടെ സാന്നിധ്യമുണ്ടായിരുന്നു. 

അതിർത്തി രക്ഷാസേനയുടെ ധീര വനിതകളും ഇന്തോ- ടിബറ്റൻ ബോർഡർ പൊലീസും മോട്ടോർ സൈക്കിൾ അഭ്യാസവുമായി രാജ്പഥിനെ ആവേശം കൊള്ളിച്ചു. അഞ്ചു റഫാൽ വിമാനങ്ങളും, സുഖോയും, മിഗുമെല്ലാം അണിനിരന്ന ആകാശവിസ്മയത്തോടെയാണ് റിപ്പബ്ളിക് ദിന പരേഡിന് തിരശ്ശീല വീണത്. 

 

 

Follow Us:
Download App:
  • android
  • ios