മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചതിന് പിന്നാലെയാണ് കഞ്ചന്‍ധാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടിവി, ബോക്സ് സിനിമ,ഫക്ത് മറാത്ത എന്നീ ചാനലുകൾ തട്ടിപ്പിലൂടെ റേറ്റിംഗ്  പെരുപ്പിച്ച് കാണിച്ചെന്നായിരുന്നു മുംബൈ പൊലീസിന്‍റെ കണ്ടെത്തൽ. 

മുംബൈ: ടെലിവിഷൻ റേറ്റിംഗ് തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സിഇഒ വികാസ് കഞ്ചൻധാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ മുംബൈയിലെ ഫ്ലാറ്റിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ ഇദ്ദേഹത്തിന്‍റെയും റിപ്പബ്ലിക് ടിവി സിഎഫ്ഒ ശിവസുബ്രഹ്മണ്യന്‍റെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

അറസ്റ്റിനെത്തുമ്പോൾ വാറന്‍റ് പോലും ഉണ്ടായിരുന്നില്ലെന്ന് റിപ്പബ്ലിക് ടിവി ആരോപിച്ചു. അറസ്റ്റിൽ നിന്ന് ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന റിപ്പബ്ലിക് ടിവിയുടെ ആവശ്യം തിങ്കളാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു. കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടിവി സിഒഒ പ്രിയാ മുഖർജിയ്ക്ക് മുംബൈയിലെ കോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ കൂടിയാണ് തിടുക്കപ്പെട്ടുള്ള അറസ്റ്റ്.