ദില്ലി: സമൂഹ്യവും സാമ്പത്തികവുമായ അന്തരം സമൂഹത്തിലുണ്ടെന്നും അതിനാൽ സംവരണം ആവശ്യമാണെന്നും ആർഎസ്എസ്. സംവരണത്തിന്റെ ഗുണഭോക്താക്കൾ ഇത് ആവശ്യമാണെന്ന് കരുതുന്ന കാലത്തോളം സംവരണം നിലനിർത്തണമെന്നും ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു.

ഭരണഘടന നിഷ്‌കർഷിക്കുന്ന സംവരണ ആശയത്തെ ആർഎസ്എസ് പൂർണ്ണമായും അനുകൂലിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പുഷ്‌കറിൽ നടന്ന മൂന്ന് ദിവസത്തെ ആർഎസ്എസ് കോർഡിനേഷൻ മീറ്റിംഗിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളും ശ്മശാനങ്ങളും ജലസംഭരണികളും എല്ലാ ജാതിയിലുള്ളവർക്കും ഉപയോഗിക്കാൻ സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ പൗരത്വ രജിസ്റ്ററിൽ അപാകതകളുണ്ടെന്നും ഇത് പരിഹരിക്കണമെന്നും അദ്ദേഹം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. 

ബംഗ്ലാദേശിൽ നിന്നുള്ള 40 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാർ അസമിലുണ്ടെന്നും ഇവരെല്ലാം മുൻ സർക്കാരിൽ നിന്ന് നിയമപ്രകാരമുള്ള രേഖകൾ കൈക്കലാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ പൗരത്വ രജിസ്റ്റർ കൂടുതൽ സങ്കീർണ്ണമായത് ഇക്കാരണത്താലാണെന്നും അദ്ദേഹം പറഞ്ഞു.