Asianet News Malayalam

രണ്ടാം തരംഗം നേരിട്ടത്തിൽ പാളിച്ച; ആരോഗ്യമന്ത്രാലയത്തിൽ മോദിയുടെ അഴിച്ചു പണി, മന്ത്രിയും സഹമന്ത്രിയും പുറത്ത്

പുനസംഘടനയുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ പ്രവർത്തനം അവലോകനം ചെയ്ത പ്രധാനമന്ത്രി മോദി പ്രധാനമായും ശ്രദ്ധിച്ചത് കൊവിഡ് സാഹചര്യം മന്ത്രിമാരും അവരുടെ വകുപ്പുകളും എങ്ങനെ കൈകാര്യം ചെയ്തു എന്നതാണ്.

reshuffle in health ministry after govt failed to face second wave of covid
Author
Delhi, First Published Jul 7, 2021, 5:39 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: കേന്ദ്രസർക്കാരിൽ വിപുലമായ അഴിച്ചു പണി നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. 43 മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് രാഷ്ട്രപതി ഭവനിൽ നടക്കുന്നതോടെ രണ്ടാം മോദി സർക്കാരിലെ ആദ്യ അഴിച്ചു പണി പൂർത്തിയാവും. പുനസംഘടനയുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ പ്രവർത്തനം അവലോകനം ചെയ്ത പ്രധാനമന്ത്രി മോദി പ്രധാനമായും ശ്രദ്ധിച്ചത് കൊവിഡ് സാഹചര്യം മന്ത്രിമാരും അവരുടെ വകുപ്പുകളും എങ്ങനെ കൈകാര്യം ചെയ്തു എന്നതാണ്.

രണ്ടാം തരംഗത്തിൽ വലിയ വിമർശനം നേരിട്ട ആരോഗ്യമന്ത്രാലയത്തിൽ വലിയ അഴിച്ചു പണിയാണ് മോദി നടത്തിയത്. ആരോഗ്യമന്ത്രി ഡോ.ഹർഷവർധനേയും സഹമന്ത്രി അശ്വിൻ ചൗബിയേയും മന്ത്രാലയത്തിൽ മാറ്റുക വഴി കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങൾക്ക് പുതിയൊരു ടീം വരുമെന്ന് ഉറപ്പായി. ഒന്നാം തരം​ഗത്തിൽ ആരോ​ഗ്യമന്ത്രാലയം ഫലപ്രദമായി ഇടപെടുകയും കൊവിഡിനെ ഇന്ത്യ പ്രതിരോധിച്ചു എന്നൊരു സന്ദേശം ആ​ഗോള തലത്തിൽ തന്നെ മോദി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 

എന്നാൽ രണ്ടാം തരം​ഗത്തിൽ സ്ഥിതി മാറി. ഓക്സിജൻ കിട്ടാതെ ആളുകൾ മരിച്ചു വീണതും, ശ്മശാനങ്ങൾക്ക് മുന്നിലെ നീണ്ട ക്യൂവിൻ്റെ ചിത്രങ്ങളും കേന്ദ്രസ‍ർക്കാരിൻ്റെ മുഖത്ത് കരിവാരി തേച്ച നിലയിലായി. രണ്ടാം തരം​ഗത്തെ നേരിടാൻ ആരോ​ഗ്യമന്ത്രാലയം യാതൊരു മുന്നൊരുക്കവും നടത്തിയില്ലെന്നും രണ്ടാം തരം​ഗം ശക്തിപ്പെടുന്ന ഘട്ടത്തിൽ മോദി ബം​ഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുക വഴി സ‍ർക്കാരിലും ഏകോപനം ഇല്ലെന്ന് വി‍മ‍ർശനം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. ഇതൊക്കെ ആരോ​ഗ്യമന്ത്രി ഹ‍ർഷവർധന് സ‍ർക്കാരിൽ നിന്നും പുറത്തേക്കുള്ള വഴി തുറന്നു. ഇതോടൊപ്പം ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ പരാജയവും അവിടെ നിന്നുള്ള എംപിയായ ഹർഷവർധന് പ്രതികൂലമായി മാറി. 

ഒന്നാം തരംഗത്തിൻ്റെ ഭാഗമായി കുടിയേറ്റ തൊഴിലാളികൾ ആയിരക്കണക്കിന് കിലോമീറ്റർ നടന്ന് വീട്ടിലേക്ക് പോയ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ വാർത്തയായിരുന്നു. കൊടുചൂടിനെടയുള്ള ഈ പദയാത്രയ്ക്കിടെ നൂറുകണക്കിന് ആളുകളാണ് വിവിധ സംസ്ഥാനങ്ങളിൽ മരിച്ചു വീണത്. കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കാൻ കേന്ദ്രത്തിനായില്ലെന്ന വിമർശനവും ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു. തൊഴിൽ മന്ത്രി സന്തോഷ് ഗംഗ്വാറിൻ്റെ രാജിയിലാണ് ഈ വിലയിരുത്തൽ എത്തിയത്. 

 ഏതാണ്ട് ഒന്നരമാസത്തോളം സമയമെടുത്ത് തൻ്റെ സർക്കാരിലെ മുഴുവൻ മന്ത്രിമാരുടേയും പ്രവർത്തനങ്ങൾ അവലോകനം ചെയ്ത ശേഷമാണ് പ്രധാനമന്ത്രി സർക്കാരിൻ്റെ മുഖമാറ്റം നടപ്പാക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവർ അവസാനഘട്ട പുനസംഘടനാ ചർച്ചകളിൽ പങ്കെടുത്തു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios