Asianet News MalayalamAsianet News Malayalam

അടിയന്തര ചികിത്സ മാത്രം, ഇന്ന് റസിഡന്‍റ് ഡോക്ടർമാരുടെ സമരം; ഡോക്ടറെ പീഡിപ്പിച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധം

സഞ്ജയ് നാല് തവണ വിവാഹം കഴിച്ചിരുന്നു. മൂന്ന് ഭാര്യമാരും ഇയാൾക്കെതിരെ പീഡന പരാതി ഉന്നയിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ എങ്ങനെ ആശുപത്രിയിൽ നിയമിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. 

resident doctors nationwide strike today against sexual assault and murder of postgraduate trainee doctor
Author
First Published Aug 12, 2024, 9:27 AM IST | Last Updated Aug 12, 2024, 9:31 AM IST

കൊൽക്കത്ത: കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുന്നു. രാജ്യമൊട്ടാകെ ഇന്ന് അടിയന്തര ചികിത്സകൾ ഒഴികെയുള്ള മറ്റു ചികിത്സകളിൽ നിന്ന് ഡോക്ടർമാർ വിട്ടു നിൽക്കുമെന്ന് ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ (FORDA) പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനകൾ ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ കണ്ടു.

കേന്ദ്ര ഇടപെടലുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരത്തിന് ആഹ്വാനം ചെയ്യുമെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ സംസ്ഥാന സർക്കാർ ആർജെ കർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതിനിടെ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പെൺകുട്ടിയുടെ മാതാപിതാക്കൾക്കും പ്രതിഷേധക്കാർക്കും ഉറപ്പ് നൽകി.

വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി ഡോക്ടറാണ് കൊല്ലപ്പെട്ടത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലെ മറ്റ് പല അവയവങ്ങളിലും മുറിവേറ്റിരുന്നു. പിടിവലി നടന്ന ലക്ഷണങ്ങളുണ്ട്. 

പോലീസ് ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരുടെ പട്ടിക തയ്യാറാക്കി. അതേസമയം സെമിനാർ ഹാളിൽ സിസിടിവി ഇല്ലാത്തത് പൊലീസിന് വെല്ലുവിളിയായി. കൊല നടന്ന സ്ഥലത്തു നിന്ന് ബ്ലൂടൂത്തിന്‍റെ ഒരു ഭാഗം ലഭിച്ചു. ബ്ലൂടൂത്ത് ഹെഡ്‌ഫോൺ ഏത് ഫോണിലാണ് കണക്റ്റ് ആവുന്നതെന്ന് പരിശോധിച്ചു. തുടർന്ന് സിവിൽ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ സെമിനാർ ഹാളിന് പുറത്ത് കറങ്ങിനടക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാരുടെ പ്രതിഷേധം. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന് ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ആശുപത്രി ഭരണ സമിതിയിൽ വൻ സ്വാധീനം പ്രതിക്കുണ്ടായിരുന്നു എന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. സഞ്ജയ് നാല് തവണ വിവാഹം കഴിച്ചിരുന്നു. മൂന്ന് ഭാര്യമാരും ഇയാൾക്കെതിരെ പീഡന പരാതി ഉന്നയിച്ചിരുന്നു. ഇങ്ങനെ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ എങ്ങനെ ആശുപത്രിയിൽ നിയമിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. 


ചോദ്യംചെയ്യുന്നതിനിടെ ബ്ലൂടൂത്ത് ഓട്ടോ കണക്റ്റായി; പൊലീസ് വനിതാ ഡോക്ടറുടെ കൊലപാതകിയെ കണ്ടെത്തിയതിങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios